പി.എസ്.സി കോഴ വിവാദത്തിൽ സമഗ്രമായ പൊലീസ് അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐഎം ഏരിയ കമ്മിറ്റി അംഗം 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് സമ്മതിച്ചിട്ടും പൊലീസ് നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് സുരേന്ദ്രൻ ചോദിച്ചു.
പണം കൈമാറിയ രീതിയും അതിന്റെ ഉറവിടവും വെളിപ്പെടുത്തണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണ് പ്രതികൂട്ടിലായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎസ്സി എന്ന ഭരണഘടനാ സ്ഥാപനത്തിലെ അംഗമാക്കാമെന്ന് പറഞ്ഞാണ് കോഴ വാങ്ങിയതെന്നും, ഇത് ലക്ഷോപലക്ഷം ചെറുപ്പക്കാരുടെ പ്രതീക്ഷകളെ തകർക്കുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പിണറായി സർക്കാരിന്റെ കാലത്തെ മുഴുവൻ പിഎസ്സി നിയമനങ്ങളും അന്വേഷിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. പ്രമോദ് കോട്ടൂളി മന്ത്രിമാരുടെയും പാർട്ടി നേതാക്കളുടെയും വിശ്വസ്തനാണെന്നും, ഇതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ഡിജിപിക്ക് ഔദ്യോഗിക പരാതി നൽകുമെന്നും ഗവർണറെ സമീപിക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു.