ജോയിയുടെ മരണം: സർക്കാരും നഗരസഭയും റെയിൽവേയും ഉത്തരവാദികളെന്ന് കെ. സുധാകരൻ

Anjana

ആമയിഴഞ്ചാൻ തോടിലെ നഗരമാലിന്യം വൃത്തിയാക്കാൻ ഇറങ്ങിയ ശുചീകരണത്തൊഴിലാളി ജോയിയുടെ ദാരുണമായ മരണത്തിന് സംസ്ഥാന സർക്കാർ, നഗരസഭ, റെയിൽവേ എന്നിവ ഉത്തരവാദികളാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ആരോപിച്ചു. മാലിന്യനിർമാർജ്ജനത്തിലെ ഗുരുതരമായ വീഴ്ചയാണ് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്ന് ദിവസം നീണ്ട തിരച്ചിലിനുശേഷവും ജോയിയെ ജീവനോടെ കണ്ടെത്താൻ കഴിയാതിരുന്നത് അത്രയധികം മാലിന്യം അടിഞ്ഞുകൂടിയിരുന്നതിനാലാണ്. ഇത് അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ട വിഷയമാണെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട അഗ്നിരക്ഷാ സേനാംഗങ്ങൾ ഉൾപ്പെടെയുള്ള ദൗത്യസംഘത്തിന്റെ സേവനം ആദരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സമയബന്ധിതമായി മാലിന്യനിർമാർജ്ജനം നടത്താനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവർ നിറവേറ്റാതിരുന്നതാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്ന് സുധാകരൻ വിമർശിച്ചു. ജോയിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാരും ഇന്ത്യൻ റെയിൽവേയും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഉറവിടത്തിലെ മാലിന്യ സംസ്കരണം ഫലപ്രദമായി നടക്കുന്നില്ലെന്നതിന്റെ തെളിവാണ് റോഡുകളിലും തോടുകളിലും കാനകളിലും കുമിഞ്ഞുകൂടുന്ന മാലിന്യക്കൂമ്പാരമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.