സിപിഐഎമ്മിന്റെ പോഷക സംഘടനകള്‍ സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുന്നു: കെ.സുധാകരന്‍

Anjana

സിപിഐഎമ്മിന്റെ പോഷക സംഘടനകളായ സി.ഐ.ടി.യുവും എസ്.എഫ്.ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ആരോപിച്ചു. കാമ്പസുകളില്‍ എസ്.എഫ്.ഐ അഴിഞ്ഞാടുമ്പോള്‍ സി ഐടിയു പൊതുസ്ഥലങ്ങളില്‍ ജനങ്ങളുടെ മേല്‍ കുതിരകയറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സംഘടനകള്‍ സിപിഎമ്മിന്റെ ഗുണ്ടാപ്പടയായി മാറിയെന്നും സമൂഹത്തില്‍ പ്രവര്‍ത്തിക്കാനുള്ള അര്‍ഹതയില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

മലപ്പുറം എടപ്പാളില്‍ ചരക്കിറക്കലിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തൊഴിലാളികളെ സിപിഐഎമ്മിന്റെ തൊഴിലാളി സംഘടനാ നേതാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി സുധാകരന്‍ ചൂണ്ടിക്കാട്ടി. സി ഐടിയുവിന്റെ ആക്രമണം ഭയന്നോടിയ ഫയാസ് ഷാജഹാനെന്ന ചെറുപ്പക്കാരന് കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റു. മറ്റു തൊഴിലാളികളെയും സി ഐടിയുകാര്‍ മര്‍ദ്ദിച്ചതായി ഫയാസിന്റെ പിതാവും കരാറുകാരനും വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ അക്രമം നടത്തുമ്പോള്‍ പോലീസ് നിഷ്‌ക്രിയമാവുകയും, അത് ചോദ്യം ചെയ്യാനെത്തുന്ന യുഡിഎഫിന്റെ എം.എല്‍.എമാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുന്നതായി സുധാകരന്‍ ആരോപിച്ചു. നോക്കുകൂലി നിരോധനനിയമം നടപ്പാക്കിയിട്ടും സി ഐടിയുവിന് മാത്രം അത് ബാധകമല്ലെന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം പരിഹസിച്ചു. അധികാര ഭ്രാന്ത് എന്തും ചെയ്യാനുള്ള ലൈസന്‍സായി സിപിഐഎം കാണരുതെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.