വയനാട് പുനരധിവാസ പദ്ധതിക്ക് ഉന്നതതല സമിതി രൂപീകരിക്കണം: കെ. സുധാകരൻ

Anjana

Wayanad rehabilitation project

വയനാട് പുനരധിവാസ പദ്ധതിയുടെ ഫലപ്രദവും സുതാര്യവുമായ നടത്തിപ്പിനായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉന്നതതല സമിതിക്ക് രൂപം നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ സമിതിയിൽ പ്രതിപക്ഷ എം.എൽ.എമാരെയും വിദഗ്ദ്ധരെയും ഉൾപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ഭൂമിയും വീടും നഷ്ടപ്പെട്ടവർ, വിദ്യാർത്ഥികൾ, വയോധികർ എന്നിവരെയെല്ലാം മുൻനിർത്തിയുള്ള പുനരധിവാസത്തിന് മാതൃകാപരമായ രൂപരേഖ തയ്യാറാക്കേണ്ടതുണ്ട്. വാഗ്ദാനങ്ങൾ മാത്രമല്ല, അവ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും ഒരുവിധത്തിലുള്ള വീഴ്ച ഉണ്ടാകുന്നില്ലെന്നും സമിതിക്ക് നിരീക്ഷിക്കാൻ കഴിയണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടിവന്ന അവസാനത്തെ വ്യക്തിക്കും സുരക്ഷിതമായ ജീവിതസാഹചര്യം ഒരുക്കുമ്പോൾ മാത്രമാണ് പുനരധിവാസ പ്രക്രിയ പൂർത്തിയാകുക. അതുകൊണ്ട് പുനരധിവാസത്തിനായി നീക്കിവെയ്ക്കുന്ന തുകയുടെ വിനിയോഗം ദുരിതബാധിതർക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന ഭൂമി, പുനർനിർമ്മിക്കുന്ന വീടുകൾ തുടങ്ങിയവ അവർക്ക് ഉപയോഗപ്രദമായിരിക്കണം. മുൻകാലങ്ങളിൽ പ്രകൃതിക്ഷോഭ ദുരന്തബാധിതർക്കായി സർക്കാർ നൽകിയ വീടുകളെയും പുനരധിവസിപ്പിച്ച പ്രദേശത്തെയും സംബന്ധിച്ച് രൂക്ഷമായ ആക്ഷേപം ഉയർന്നിരുന്നു. അത്തരം അവസ്ഥ വയനാട് ദുരന്തബാധിതർക്ക് ഉണ്ടാകാൻ പാടില്ലെന്നും സുധാകരൻ പറഞ്ഞു.

ദുരന്തബാധിതരായ ഓരോ കുടുംബവും നാളിതുവരെ ജീവിച്ചുവന്നിരുന്ന സാഹചര്യങ്ങളും ചുറ്റുപാടുകളും പഠിച്ച് അതനുസരിച്ചുള്ള പുനരധിവാസ പദ്ധതി ആവിഷ്കരിക്കുന്നതാണ് ഉചിതം. സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കുന്നതിന് തടസ്സമാകുന്ന നിയമവശങ്ങൾ ലഘൂകരിക്കാനും നടപടിയുണ്ടാകണം.

Story Highlights: K Sudhakaran demands high-level committee for effective implementation of Wayanad rehabilitation project.

Image Credit: twentyfournews

Leave a Comment