കേന്ദ്ര ഏജൻസികൾ കേരളത്തിലെ ഇടതുപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന് കെ രാധാകൃഷ്ണൻ എം.പി. ആരോപിച്ചു. സഹകരണ മേഖലയെക്കുറിച്ച് ദുഷ്പ്രചാരണം നടത്തുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഈ വേട്ടയാടൽ തുടരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, അഴിമതി നടത്തിയവരെ സംരക്ഷിക്കുന്ന നിലപാട് സിപിഐഎം സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സഹകരണ മേഖലയിൽ ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്നും ഈ മേഖല തകർക്കാനാണ് ദുഷ്പ്രചാരണങ്ങൾ നടക്കുന്നതെന്നും കെ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. ഇഡി നേരത്തെ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ആവർത്തിക്കുന്നതെന്നും പുതിയതായി ഒന്നും കണ്ടെത്താൻ അവർക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ജനങ്ങളിൽ നിന്ന് പിരിച്ച പണമാണ് കള്ളപ്പണമെന്ന് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതെന്നും അത് ജനങ്ങളുടെ സ്വത്താണെന്നും അദ്ദേഹം വ്യക്തമാക്കി.