മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ രൂക്ഷ വിമർശനം ഉന്നയിച്ചു. നിയമസഭയിൽ പറഞ്ഞ കാര്യം പുറത്ത് മുഖ്യമന്ത്രി മാറ്റിപ്പറഞ്ഞുവെന്നും ആളെ പറ്റിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിൽ പറഞ്ഞതിന് ഘടകവിരുദ്ധമായി പുറത്ത് പറഞ്ഞാൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്നും മുരളീധരൻ വ്യക്തമാക്കി.
വെടിക്കെട്ട് മാത്രം അൽപം താമസിച്ചു എന്ന് മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് മുരളീധരൻ ചോദിച്ചു. മൂന്ന് മണി മുതൽ ഏഴ് മണിവരെ പൂരം നിർത്തിവെച്ചത് പോലെയാണെന്നും സത്യം പുറത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂരം കലങ്ങിയതാണെന്ന് എഫ്ഐആർ വ്യക്തമാക്കുന്നുണ്ടെന്നും 36 മണിക്കൂർ നീണ്ട് നിൽക്കുന്ന ചടങ്ങിൽ തടസം ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി എന്തിനാണ് ജുഡീഷ്യൽ അന്വേഷണത്തെ ഭയപ്പെടുന്നതെന്നും ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടില്ല എന്ന് കാണുമ്പോൾ ഭൂരിപക്ഷത്തേക്ക് മാറുകയാണോ മുഖ്യമന്ത്രിയെന്നും അദ്ദേഹം ചോദിച്ചു. പൂരം വിഷയത്തെ മുഖ്യമന്ത്രി നിസാരവത്കരിക്കുകയാണെന്നും സിപിഐഎം ബിജെപി ഡീലാണ് വീണ്ടും കാണാൻ കഴിയുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. കേരളത്തിൽ ബിജെപിയെ വളർത്താനുള്ള പരിപാടിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Story Highlights: Congress leader K Muralidharan criticizes CM Pinarayi Vijayan over Thrissur Pooram incident and demands judicial inquiry