തിരുവനന്തപുരത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് കെ ഹരിദാസ് പ്രതികരിച്ചു. മൂന്ന് സംഘങ്ങളായാണ് കുട്ടിക്കായി തിരച്ചിൽ നടത്തിയത്. ട്വന്റിഫോർ പ്രതിനിധി അലക്സ് റാം മുഹമ്മദ് വൈകിട്ട് ഏഴരയ്ക്ക് വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്ന് മലയാളി സമാജത്തിന്റെ പ്രവർത്തകരുമായി തിരച്ചിലിനായി പോയതായി ഹരിദാസ് വ്യക്തമാക്കി.
അലക്സ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അൺ റിസർവ്ഡ് കംപാർട്ട്മെന്റിൽ തിരച്ചിൽ നടത്തി. മൂന്നാമത്തെ കംപാർട്ട്മെന്റിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വസ്ത്രം കണ്ടാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ഒരു സ്ത്രീ മകളാണെന്ന് അവകാശപ്പെട്ടെങ്കിലും ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ പരുങ്ങുകയും ചോദ്യങ്ങൾ തുടർന്നപ്പോൾ പിന്മാറുകയും ചെയ്തു. തുടർന്ന് കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ ഇറക്കിയതായി ഹരിദാസ് വെളിപ്പെടുത്തി.
രാത്രി പത്ത് മണിയോടെ വിശാഖപട്ടണം വാൾട്ടെയർ റെയിൽവേ സ്റ്റേഷനിൽവെച്ചാണ് മലയാളി സമാജം പ്രവർത്തകർ കുട്ടിയെ കണ്ടെത്തിയത്. ക്ഷീണിതയായ കുട്ടി ബെർത്തിൽ കിടന്ന് ഉറങ്ങുകയായിരുന്നു. വെള്ളം മാത്രം കുടിച്ച് വിശപ്പ് പിടിച്ചുനിർത്തിയ കുട്ടിക്ക് ഇഷ്ടപ്പെട്ട ബിരിയാണി വാങ്ങി നൽകി. വീഡിയോ കോൾ വഴി വീട്ടുകാർ കുട്ടിയുമായി സംസാരിച്ചു. 37 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ചൊവ്വാഴ്ച രാവിലെ വീട് വിട്ടിറങ്ങിയ പെൺകുട്ടിയെ കണ്ടെത്തിയത്.
Story Highlights: K Haridas expresses relief as missing 13-year-old girl from Thiruvananthapuram found after 37-hour search