ഛത്തീസ്ഗഡിലെ ബസ്തറിൽ റോഡ് നിർമാണത്തിലെ അഴിമതി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രകറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാതായിരുന്ന മുകേഷിന്റെ മൃതദേഹം കരാറുകാരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് കണ്ടെത്തിയത്. 33 വയസ്സുള്ള മുകേഷ് വിവിധ വാർത്താ ചാനലുകൾക്കായി സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്തുന്നയാളായിരുന്നു. അദ്ദേഹം ‘ബസ്തർ ജംഗ്ഷൻ’ എന്ന പേരിൽ 1.59 ലക്ഷം സബ്സ്ക്രൈബർമാരുള്ള ഒരു യൂട്യൂബ് ചാനലും നടത്തിയിരുന്നു.
അടുത്തിടെ, 120 കോടി രൂപ ചെലവഴിച്ച് ബസ്തറിൽ നടത്തുന്ന റോഡ് നിർമാണത്തിൽ സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നതായി മുകേഷ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തിന് ഭീഷണി ഫോൺ കോളുകൾ വന്നിരുന്നു. മുകേഷിനെ കാണാതായതിനെ തുടർന്ന് സഹോദരൻ യുകേഷ് ചന്ദ്രകർ പൊലീസിൽ പരാതി നൽകി. പൊലീസ് മുകേഷിന്റെ ഫോൺ ട്രാക്ക് ചെയ്ത് കരാറുകാരനായ സുരേഷ് ചന്ദ്രകറിന്റെ ഉടമസ്ഥതയിലുള്ള ബിജാപ്പൂർ ചാത്തൻപാറ ബസ്തിയിലെത്തുകയായിരുന്നു.
സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത പൊലീസ് ചിലരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ മുകേഷ് എങ്ങനെ കൊല്ലപ്പെട്ടു എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി പൊലീസ് കാത്തിരിക്കുകയാണ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ദു ദേവ് സായ് സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. മുകേഷിന്റെ മരണം ഹൃദയഭേദകമാണെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
Story Highlights: Journalist Mukesh Chandrakar found dead in Chhattisgarh after reporting on road construction corruption.