വയനാട്ടിലെ ദുരിതബാധിത കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു. ഇന്ന് നടന്ന തൊഴിൽ മേളയിൽ 67 അപേക്ഷകൾ ലഭിച്ചതായും അവർക്കെല്ലാം തൊഴിൽ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാമ്പുകളിൽ നിന്നും മാറ്റിയ ആളുകൾക്കൊപ്പം സർക്കാർ ഉണ്ടെന്നും രണ്ടു ദിവസം കൊണ്ട് ക്യാമ്പ് അവസാനിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു. എല്ലാവർക്കും മതിയായ താമസസൗകര്യം ഒരുക്കിയ ശേഷമേ ക്യാമ്പ് അവസാനിപ്പിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം ചർച്ച ചെയ്യാൻ വയനാട്ടിൽ ആലോചനാ യോഗം ചേർന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ദുരിതബാധിതരും ജനപ്രതിനിധികളും പങ്കെടുത്തു. വായ്പകളും താൽക്കാലിക പുനരധിവാസത്തിലെ പ്രശ്നങ്ങളും ഉൾപ്പെടെ യോഗത്തിൽ ദുരിതബാധിതർ ഉന്നയിച്ചു. 500-ലധികം പേർ പങ്കെടുത്ത യോഗത്തിൽ പരാതികൾ നേരിട്ട് അറിയിക്കാനും അപേക്ഷയായി എഴുതി നൽകാനുമുള്ള ക്രമീകരണങ്ങൾ ഉണ്ടായിരുന്നു.
മൊറട്ടോറിയത്തിന് തീരുമാനമെടുത്തിട്ടും വായ്പ അടയ്ക്കാനുള്ള സമ്മർദ്ദം, നിലവിലെ പുനരധിവാസത്തിലുള്ള അസൗകര്യങ്ങൾ, നഷ്ടപരിഹാരം ഉയർത്തണമെന്ന ആവശ്യം, ടൗൺഷിപ്പ് മേപ്പാടിയിൽ തന്നെ ഒരുക്കണമെന്ന നിർദേശം തുടങ്ങിയ കാര്യങ്ങൾ ദുരിതബാധിതർ യോഗത്തിൽ ഉന്നയിച്ചു. ജനപ്രതിനിധികളും തങ്ങളുടെ നിർദേശങ്ങൾ അവതരിപ്പിച്ചു. താൽക്കാലിക പുനരധിവാസം പൂർത്തിയാകാനിരിക്കെയാണ് സ്ഥിരം പുനരധിവാസം ഉൾപ്പെടെ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി യോഗം വിളിച്ചത്.
Story Highlights: Minister K. Rajan assures job for one member of each affected family in Wayanad landslide