ജിയോ കമ്പനി ഡാറ്റാ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടിയതിനെ തുടർന്ന് രണ്ട് കോടിയോളം ഉപയോക്താക്കളെ നഷ്ടമായതായി റിപ്പോർട്ട്. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 1.90 കോടി ഉപയോക്താക്കൾ ജിയോ ഉപേക്ഷിച്ചതായാണ് വിവരം. നിരക്ക് വർധനവ് പ്രഖ്യാപിച്ചതു മുതൽ തങ്ങൾ മറ്റ് സേവനദാതാക്കളിലേക്ക് മാറുമെന്നും ഇത്തരം നിരക്ക് വർധനവ് അന്യായമാണെന്നും നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെട്ടിരുന്നു.
ജൂലൈ ആദ്യമാണ് ജിയോ തങ്ങളുടെ ഡാറ്റ പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചത്. 50 രൂപ മുതൽ 600 രൂപ വരെയാണ് പ്ലാനുകളിലെ നിരക്ക് കൂട്ടിയത്. ജിയോയ്ക്ക് പുറമെ വി, എയർടെൽ അടക്കമുള്ള കമ്പനികളും പ്ലാനുകളുടെ നിരക്ക് കൂട്ടിയിരുന്നു. ജനങ്ങളുടെ പ്രതികരണം കമ്പനിയെ ബാധിച്ചുവെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
എന്നാൽ, രണ്ട് കോടിയോളം ഉപയോക്താക്കൾ ജിയോ വിട്ടത് തങ്ങളെ ഒരു രീതിയിലും ബാധിക്കുകയില്ലെന്നാണ് കമ്പനിയുടെ പ്രതികരണം. നിരക്ക് കൂട്ടുമ്പോൾ ഉപയോക്താക്കളിൽ ചിലർ മറ്റ് കമ്പനികളിലേക്ക് മാറുന്നത് സർവ്വസാധാരണമാണെന്നും ഈ മാറ്റം കമ്പനിയുടെ ലാഭത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും ജിയോ അധികൃതർ അറിയിച്ചു.
Story Highlights: Jio loses nearly 2 crore users after significant data plan price hike