**കരുനാഗപ്പള്ളി◾:** ജിം സന്തോഷ് വധക്കേസിലെ പ്രധാന പ്രതികളായ മൈന ഹരിയും പ്യാരിയും പിടിയിലായി. മാവേലിക്കരയിലും തഴക്കരയിലും വച്ചാണ് ഇരുവരെയും പോലീസ് പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ മൂന്ന് പ്രതികളാണ് ഇതോടെ പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച വാഹനത്തിന്റെ നമ്പർ വ്യാജമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊലയിൽ നേരിട്ട് പങ്കെടുത്ത രാജീവ് എന്ന രാജപ്പനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കരുനാഗപ്പള്ളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇതിന് പിന്നാലെയാണ് മൈന ഹരിയെയും പ്യാരിയെയും അറസ്റ്റ് ചെയ്തത്.
ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ട അരുനല്ലൂർ സ്വദേശി അയ്യപ്പനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവദിവസം കൊലയാളി സംഘം തന്റെ വീട്ടിലെത്തിയതായി അയ്യപ്പൻ പോലീസിന് മൊഴി നൽകി. പ്രതികൾ ആദ്യം ലക്ഷ്യം വച്ചത് ക്വട്ടേഷൻ സംഘാംഗമായ ഷിനു പീറ്ററിനെയായിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഷിനു പീറ്ററിന്റെ വീടിന്റെ പരിസരത്ത് പ്രതികൾ എത്തിയിരുന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. മുഖ്യസൂത്രധാരൻ പങ്കജിന് കൊടും ക്രിമിനലുകളുമായുള്ള ബന്ധത്തിന്റെ കൂടുതൽ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. രണ്ട് വർഷം മുമ്പ് ഷിനു പീറ്ററിന്റെ വീട്ടിലേക്ക് തോട്ടെയെറിഞ്ഞ് അപായപ്പെടുത്താൻ രാജപ്പൻ എന്ന രാജീവ് ശ്രമിച്ചിരുന്നു.
ഷിനു പീറ്ററിന്റെ എതിരാളിയാണ് അയ്യപ്പൻ. കഴിഞ്ഞയാഴ്ച ചവറയിലെ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഷിനു പീറ്ററും അയ്യപ്പനും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സന്തോഷിന്റെ കൊലപാതകത്തിലെ മുഖ്യ സൂത്രധാരനായ പങ്കജിന് കുപ്രസിദ്ധ ഗുണ്ടകളായ ആറ്റിങ്ങൽ അയ്യപ്പനും ഓംപ്രകാശുമായും അടുത്ത ബന്ധമുള്ളതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
‘ബിഗ് ബ്രദേഴ്സ്’ എന്ന തലക്കെട്ടോടെ പങ്കജ് തന്നെ പ്രചരിപ്പിച്ച ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കൊല്ലപ്പെട്ട ജിം സന്തോഷിനെ അനുസ്മരിക്കാൻ സന്തോഷ് സുഹൃത് സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് കരുനാഗപ്പള്ളിയിൽ അനുശോചനയോഗം സംഘടിപ്പിച്ചിട്ടുണ്ട്.
Story Highlights: Main accused in the Karunagappally Jim Santhosh murder case have been arrested.