ജാർഖണ്ഡിലെ സാഹിബ്ഗഞ്ച് രാധാനഗറിൽ പ്രായപൂർത്തിയാകാത്ത മകളെ നിരന്തരം പീഡിപ്പിച്ച രാജു മണ്ടൽ എന്നയാളെ അമ്മ കറണ്ട് അടിപ്പിച്ച് കൊലപ്പെടുത്തി. മകളെ ഉപദ്രവിക്കുന്നതിനൊപ്പം വീട്ടിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുന്നതും രാജുവിന്റെ പതിവായിരുന്നു. ഗ്രാമവാസികളോട് പരാതി പറഞ്ഞിട്ടും ഫലമില്ലാതെ വന്നതോടെയാണ് അമ്മയും മകളും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. മാനസിക വിഭ്രാന്തിയുള്ള രാജു മറ്റുള്ളവരുടെ വീടുകളിലും അതിക്രമിച്ച് കയറാറുണ്ടെന്ന് പോലീസ് പറയുന്നു.
പദ്ധതി പ്രകാരം വെള്ളിയാഴ്ച ഇരുവരും ഇലക്ട്രിക്ക് വയർ വാങ്ങി, അതിന്റെ സുരക്ഷാ കവർ നീക്കം ചെയ്ത് മുളവടിയിൽ ചുറ്റി വൈദ്യുതി കടന്നുപോകുന്ന കോപ്പർ വയറുമായി ബന്ധിപ്പിച്ചു വാതിലിനു മുന്നിൽ വച്ചു. വെള്ളിയാഴ്ച രാജു വീട്ടിലെത്തിയില്ല. എന്നാൽ പിറ്റേന്ന് രാത്രി പത്തുമണിയോടെ മദ്യപിച്ച് ബോധമില്ലാതെ എത്തിയ രാജു അമ്മയെയും മകളെയും ചീത്തവിളിക്കുകയും വീട്ടിനകത്തേക്ക് കയറുന്നതിനിടയിൽ ഷോക്കേറ്റ് മരിക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് തന്നെ മരിച്ച രാജുവിന്റെ മരണത്തിന് പിന്നാലെ അമ്മയെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തമായ പദ്ധതി തയ്യാറാക്കി കൊലപാതകം നടത്തിയതിനാൽ അമ്മയെ ജയിലിലടച്ചു. മകളെ ജുവനൈൽ ഹോമിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Story Highlights: A mother in Jharkhand electrocuted a man who allegedly repeatedly harassed her minor daughter.