മുണ്ടക്കെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിയുടെ ജീവിതത്തിൽ വീണ്ടും ദുരന്തം വന്നിരിക്കുകയാണ്. അവരുടെ പ്രതിശ്രുത വരനായിരുന്ന ജെൻസൻ വാഹനാപകടത്തിൽ മരണപ്പെട്ടു. ജെൻസന്റെ മൃതദേഹം ഇന്ന് രാവിലെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. തുടർന്ന് അമ്പലവയൽ ആണ്ടൂരിൽ പൊതുദർശനത്തിന് വയ്ക്കുകയും ആണ്ടൂർ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്യും.
ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. ഈ ദുരന്തത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് ജെൻസന്റെ മരണവിവരം അറിയുന്നത്. ശ്രുതിയുടേയും ജെൻസന്റേയും വിവാഹം ഉറപ്പിച്ചിട്ട് ഒരുമാസമേ കഴിഞ്ഞിരുന്നുള്ളൂ. ഉറ്റവരുടെ വേർപാടിൽ സങ്കടത്തിന്റെ നിലയില്ലാ കയത്തിലേക്ക് വീണുപോകുമായിരുന്ന ശ്രുതിയെ ജെൻസൻ അന്ന് ചേർത്തുപിടിച്ചു.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെൻസൻ മരണപ്പെട്ടത്. തലക്ക് ഗുരുതരമായി പരുക്കേറ്റ ജെൻസനെ രക്ഷിക്കാനായില്ല. വേദനകളെ ഉൾക്കൊണ്ട് ജീവിതത്തിലേക്ക് ശ്രുതി തിരിച്ചു കയറുമ്പോഴാണ് ജെൻസന്റെ വിയോഗം സംഭവിച്ചത്. ശ്രുതിയെ ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
Story Highlights: Jenson, fiancé of Sruthi who lost family in Mundakkai landslide, dies in road accident; funeral today