മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ എൻ പ്രശാന്ത് ഐഎഎസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുകയാണ്. 5000 കോടിയുടെ ആഴക്കടൽ ട്രോളറുകൾക്ക് ഫിഷറീസ് വകുപ്പ് അനുമതി നൽകിയെന്ന തരത്തിൽ താൻ മന്ത്രിയായിരുന്ന സമയത്ത് വന്ന ആരോപണത്തിലെ വില്ലൻ പ്രശാന്താണെന്ന് മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. ഈ ആരോപണം ഉന്നയിച്ച രമേശ് ചെന്നിത്തലയുടേയും പ്രശാന്തന്റേയും ഗൂഢാലോചനയായിരുന്നു ഇതിന് പിന്നിലെന്നും അവർ കുറ്റപ്പെടുത്തി.
രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന പ്രശാന്ത് ഐഎഎസ് രമേശ് ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ‘ആഴക്കടൽ’ വിൽപ്പന എന്ന ‘തിരക്കഥ’ എന്ന് മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. തീരദേശമണ്ഡലങ്ങൾ ആകെ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നു ഈ തിരക്കഥയ്ക്ക് പിന്നിലെ ലക്ഷ്യമെന്നും അവർ ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുൻമന്ത്രിയുടെ പ്രതികരണം.
വ്യവസായ വകുപ്പ് കൊച്ചിയിൽ നടത്തിയ നിക്ഷേപ സംഗമത്തിൽ വികസന പദ്ധതികൾ എന്ന വ്യാജേനയാണ് വ്യവസായ വകുപ്പുമായി ബന്ധമില്ലാത്ത ഇൻലാൻഡ് നാവിഗേഷൻ എംഡി 5000 കോടി രൂപയുടെ വികസന പദ്ധതി ഇ എം സി സി യുമായി എം ഒ യു ഒപ്പ് വച്ചതെന്നും മേഴ്സിക്കുട്ടിയമ്മ വെളിപ്പെടുത്തി. ഫിഷറീസ് ഡിപ്പാർട്ട്മെന്റിന് ഒരു ബന്ധവുമില്ലാത്ത, ഫിഷറീസ് വകുപ്പ് അറിയാത്ത ഒരു കാര്യം ഫിഷറീസ് മന്ത്രി ‘കടൽ വിറ്റു’ എന്ന നെറികേടായ ആക്ഷേപം അരങ്ങേറിയെന്നും അവർ കുറ്റപ്പെടുത്തി.
Story Highlights: Former minister J Mercykutty Amma accuses N Prashanth IAS of conspiracy in deep-sea trawler controversy