ലഹരി ഉപയോഗം നമ്മുടെ സമൂഹത്തെ കാർന്നുതിന്നുന്ന അവസ്ഥയിലേക്കാണ് എത്തിയിരിക്കുന്നത്. മയക്കുമരുന്നുകളുടെയും, മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗം മൂലം അവരുടെ ആരോഗ്യത്തെ മാത്രമല്ല, കുടുംബങ്ങളെയും ഒരു സമൂഹത്തെ തന്നെയാണ് ഇല്ലാതാക്കുന്നത്. ഒരു നാടിൻ്റെ വളർച്ചയ്ക്കും പുരോഗതിക്കും വേണ്ടി യുവതലമുറ വളർന്നു വരുമ്പോൾ, അവർ ലഹരിയുടെ ഉപയോഗത്താൽ നശിക്കുന്നത് നമ്മുടെ നാടിനെ തീരാനഷ്ടത്തിലേക്കാണ് എത്തിക്കുന്നത്.
ഒരു രാജ്യത്തെ നശിപ്പിക്കാൻ, അതിൽ വളർന്നു വരുന്ന യുവതലമുറയെ വഴി തെറ്റിക്കുകയാണ് ഏറ്റവും എളുപ്പവഴി. ഇന്ന് പല രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്ത് രാജ്യത്തെ പുതുതലമുറയെ ഇല്ലാതാക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. കേരളത്തിൽ ലഹരിയിൽ അടിമപ്പെട്ട്
കിടക്കുന്ന യുവതലമുറകളെയാണ് നാം കാണുന്നത്.
നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ നിന്നുമാണ് കേരളത്തിൽ എത്തുന്നത്. ഇന്ന് നടക്കുന്ന കുറ്റകൃത്യങ്ങളിൽ ബഹുഭൂരിപക്ഷവും മയക്കുമരുന്ന് ഇടപാടുമായി ബന്ധമുള്ളവരാണ്. ഈ കഴിഞ്ഞ ദിവസം തിരുവനന്തപുരം വെഞ്ഞാറമൂട് 5 പേരെ കൊന്ന 23 കാരൻ അഫാൻ ലഹരിക്കടിമ എന്ന നിഗമനത്തിലാണ് ഇപ്പോൾ എത്തി നിൽക്കുന്നതും. അങ്ങനെ കേരളത്തിൽ നടന്ന പല കൊലപാതകങ്ങളിലും പ്രതിയായി വരുന്നതും ലഹരിക്ക് അടിമകളായ യുവതലമുറകളാണ്.
ആരെയും കൊല്ലാനുള്ള ധൈര്യവും, എന്നാൽ എന്തിനിത് ചെയ്തെന്ന് കൊന്നവൻ അറിയുന്നുമില്ല. ആൺ, പെൺ വ്യത്യാസമില്ലാതെയാണ് ലഹരിക്കടിമപ്പെട്ടിരിക്കുന്നത്.
കേരളത്തെ മാറ്റിയെടുക്കാൻ നാം തന്നെ മുന്നിട്ടിറങ്ങണമെന്നാണ് ഓരോരുത്തരും സോഷ്യൽ മീഡിയയിൽ പറയുന്നത്.
തൃശൂർ ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റിയിലെ ഒരു വാർഡ് കൗൺസിലറുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഇരിഞ്ഞാലക്കുടയെ ലഹരി വിമുക്ത പ്രദേശമാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരിഞ്ഞാലക്കുട 39ആം വാർഡ് കൗൺസിലർ ഷാജൂട്ടൻ തയ്യാറാക്കിയ പോസ്റ്റിലെ ഓരോ വരികളും സൂചിപ്പിക്കുന്നത്. പോസ്റ്റിൽ കുറിച്ചത്ത് ഇങ്ങനെയാണ്.
” ലഹരി വിൽപ്പനയും ഉപയോഗവും കർശനമായി നിരോധിച്ചിരിക്കുന്നു. കഞ്ചാവ്, എംഡിഎംഎ നിരോധിത ലഹരി പദാർത്ഥങ്ങളുടെ ഉപയോഗമോ, വിൽപ്പനയോ കണ്ടാൽ നാട്ടുകാരിൽ നിന്ന് നല്ല അടികിട്ടുമെന്നും, യാതൊരു ദയയും പ്രതീക്ഷിക്കേണ്ടെന്നും, ഇതിനെ ചോദ്യം ചെയ്യാൻ വരുന്നവർക്കും ശിക്ഷ മറിച്ചായിരിക്കില്ലെന്നും, കൂടാതെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്യും.’ എന്നും പ്രത്യേകം കുറിച്ചു.

നിരവധി പേരാണ് അദ്ദേഹത്തിൻ്റെ പ്രഖ്യാപനത്തെ സപ്പോർട്ട് ചെയ്ത് എത്തിയിരിക്കുന്നത്. കാരണം സ്വന്തം വീട്ടിൽ പോലും സുരക്ഷിതരായി ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ കേരളത്തിൻ്റെ പോക്ക്.അങ്ങനെ ഒരവസ്ഥയിൽ നിന്ന് കേരളത്തെ മാറ്റിയെടുക്കാൻ നാം ഓരോരുത്തരും മുന്നിട്ടിറങ്ങണം. കർശന നിർദ്ദേശങ്ങളിലൂടെ മാത്രമേ പുതുതലമുറയെ തിരുത്താൻ സാധിക്കുകയുള്ളൂ. പോംവഴി കണ്ടെത്താൻ ഇത്തരം തീരുമാനങ്ങൾ വളരെ ഉചിതമാണ്.
Story Highlights: Irinjalakuda ward councilor Shajoottan’s stance against drug use goes viral.