പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. പശ്ചിമേഷ്യയിലെ ഇന്ത്യയ്ക്കുള്ള നല്ല ബന്ധം ഉപയോഗിച്ച് സംഘർഷം ലഘൂകരിക്കാനാണ് ഇറാൻ പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. മേഖലയിലെ സംഘർഷത്തിൽ പ്രധാനമന്ത്രി മോദി ആശങ്ക അറിയിച്ചു.
നേരത്തെ യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ, സംഘർഷത്തിന് ചർച്ചയിലൂടെ പരിഹാരം വേണമെന്ന് മോദി ആവശ്യപ്പെട്ടു. ഇന്ത്യ എന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കങ്ങൾക്ക് ഇന്ത്യ എപ്പോഴും തയാറാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്സ് കൂട്ടായ്മയിലെ ഇന്ത്യ-റഷ്യ സഹകരണത്തെ തങ്ങൾ വിലമതിക്കുന്നതായി പുടിൻ പ്രതികരിച്ചു.
ചേരിചേരാ നയത്തിൽ നിന്ന് ഇന്ത്യ വ്യതിചലിച്ചതായി മോദി പ്രഖ്യാപിച്ചതിന് ശേഷം നടക്കുന്ന ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്. ഇന്ത്യയുടെ പുതിയ നിലപാടുകൾ, ബ്രിക്സിന്റെ മുന്നോട്ടുള്ള പോക്കിൽ നിർണായകമാകും. ജൂലൈയിൽ റഷ്യ സന്ദർശിച്ചപ്പോഴും യുക്രൈൻ യുദ്ധത്തിന് പരിഹാരം വേണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു. യുക്രൈൻ പ്രധാനമന്ത്രി സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം, യുദ്ധം അവസാനിപ്പിക്കണമെന്ന് മോദി ആവർത്തിച്ച് ആവശ്യപ്പെടുന്നത് റഷ്യ ഗൗരവമായി കാണുന്നുണ്ട്. വ്യാഴാഴ്ചയാണ് ഉച്ചകോടി സമാപിക്കുന്നത്.
Story Highlights: Iran President asks PM Modi for India’s intervention to ease West Asian conflict during BRICS summit