അതിരപ്പിള്ളിയിൽ മസ്തകത്തിൽ ഗുരുതരമായി മുറിവേറ്റ കാട്ടാനയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരും. ചാലക്കുടിപ്പുഴയിലെ തുരുത്തിൽ നിന്ന് മാറ്റുന്നതിനായി പടക്കം പൊട്ടിച്ചതോടെയാണ് ആന ബുധനാഴ്ച വനത്തിലേക്ക് കയറിയത്. കാട്ടാനയെ കണ്ടെത്തിയാൽ ഉടൻ തന്നെ മയക്കുവെടി വച്ച് ചികിത്സിക്കാനാണ് വനം വകുപ്പ് തീരുമാനം.
ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതിനാൽ കണ്ടെത്താൻ വൈകുന്നത് ആശങ്കാജനകമാണ്. കാലടി പ്ലാന്റേഷനിലെ ഒന്നാം ബ്ലോക്ക്, മൂന്നാം ബ്ലോക്ക്, പതിനേഴാം ബ്ലോക്ക്, തടിമുറി, വാടാമുറി, ഫാക്ടറി ഡിവിഷൻ, കശുമാവിൻ തോട്ടം, എലിച്ചാണി, പറയൻപാറ എന്നിവിടങ്ങളിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് ഇന്നലെയും തിരച്ചിൽ നടത്തി. ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം ഡ്രോൺ ഉൾപ്പടെ ഉപയോഗപ്പെടുത്തി ഉൾവനത്തിലും സമീപ മേഖലയിലും തിരച്ചിൽ നടത്തിയിട്ടും കാട്ടാനയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
രണ്ടുദിവസമായി ആന കാണാമറയത്ത് തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നു. ഇന്ന് വാഴച്ചാൽ ഡിവിഷന് പുറമേ, മലയാറ്റൂർ, ചാലക്കുടി ഡിവിഷനുകളിലും ആനയ്ക്കായുള്ള പരിശോധന ശക്തമാക്കും. ആനയെ കണ്ടെത്താൻ വൈകുന്നത് ആനയുടെ ജീവന് തന്നെ ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ.
Story Highlights: Search continues for critically injured wild elephant in Athirappilly.