ഈ മാസം പതിനൊന്നാം തവണയും ഓഹരി വിപണി റെക്കോർഡ് തിരുത്തിക്കുറിച്ചു. 23 വ്യാപാര സെഷനുകളിൽ നിഫ്റ്റി 1000 പോയിന്റുകൾ ഉയർന്നു. സെൻസെക്സ് 79,500ഉം നിഫ്റ്റി 24,200 പോയിന്റിനും സമീപത്താണ് വ്യാപാരം നടക്കുന്നത്. സെൻസെക്സിൽ 0.72 ശതമാനം വർധനവുണ്ടായി. തുടർച്ചയായി നാലാം ദിവസമാണ് സെൻസെക്സിലും നിഫ്റ്റിയിലും കുതിപ്പുണ്ടായത്. ഈ ആഴ്ച ഇതുവരെ നിഫ്റ്റി 50ഉം സെൻസെക്സും യഥാക്രമം 2.6%, 2.9% ഉയർന്നു, കഴിഞ്ഞ മൂന്ന് സെഷനുകളിൽ പുതിയ ഉയരങ്ങൾ രേഖപ്പെടുത്തി.
നിഫ്റ്റി 50ലെ പകുതിയോളം ഓഹരികളും റെക്കോർഡ് നിലവാരത്തിലേക്ക് കുതിച്ചു. റിലയൻസ് ഓഹരികൾക്ക് ഈ ആഴ്ച ആറ് ശതമാനത്തിലേറെ വളർച്ചയുണ്ടായി. സെൻസെക്സ് 568.93 പോയിന്റുകൾ ഉയർന്ന് 79243.18 പോയിന്റിലെത്തി. നിഫ്റ്റി 175.71 പോയിന്റുകളുടെ നേട്ടത്തോടെ 24044 പോയിന്റ് തൊട്ടു. ആഗോള വിപണിയിൽ നിന്നുള്ള അനുകൂല സാഹചര്യങ്ങളാണ് ഇന്ത്യൻ വിപണിയിലും നേട്ടമുണ്ടാക്കാൻ കാരണമായത്.