അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് വൻതുക ചെലവഴിച്ച യുവാവിനെ നാടുകടത്തി. ഫിറോസ്പൂർ സ്വദേശിയായ സൗരവിനെയാണ് 118 പേരടങ്ങുന്ന സംഘത്തിനൊപ്പം ഇന്നലെ അമൃത്സറിലേക്ക് തിരിച്ചയച്ചത്. മെക്സിക്കോ വഴി അമേരിക്കൻ അതിർത്തി കടക്കാൻ ശ്രമിച്ച സൗരവിനെ അധികൃതർ പിടികൂടുകയായിരുന്നു.
സൗരവിന്റെ കുടുംബം ഭൂമി വിറ്റും കടം വാങ്ങിയുമാണ് 45 ലക്ഷം രൂപ സമാഹരിച്ചത്. ജനുവരി 27നാണ് സൗരവ് അമേരിക്കയിൽ പ്രവേശിച്ചത്. അതിർത്തി കടന്ന് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ അമേരിക്കൻ പോലീസ് സൗരവിനെയും സംഘത്തെയും പിടികൂടി.
പിടികൂടിയവരെ പോലീസ് സ്റ്റേഷനിൽ നിന്ന് ക്യാമ്പിലേക്ക് മാറ്റി. 15-18 ദിവസം ക്യാമ്പിൽ കഴിഞ്ഞ ശേഷമാണ് നാടുകടത്തൽ നടപടികൾ ആരംഭിച്ചത്. ക്യാമ്പിൽ നിന്ന് മറ്റൊരു ക്യാമ്പിലേക്ക് മാറ്റുമെന്ന് അറിയിച്ചായിരുന്നു വിമാനത്തിൽ കയറ്റിയത്. വിമാനത്തിൽ കയറിയ ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചയക്കുന്ന വിവരം അറിഞ്ഞതെന്ന് സൗരവ് പറഞ്ഞു.
ഡിസംബർ 17ന് ഇന്ത്യ വിട്ട സൗരവ് മലേഷ്യ, മുംബൈ, ആംസ്റ്റർഡാം, പനാമ, ടപാചുല, മെക്സിക്കോ സിറ്റി എന്നിവിടങ്ങളിലൂടെയാണ് യാത്ര ചെയ്തത്. മെക്സിക്കോയിൽ നിന്ന് അതിർത്തി കടക്കാൻ മൂന്നോ നാലോ ദിവസമെടുത്തു. യുഎസിലേക്ക് കടക്കാൻ സഹായിച്ച ഏജന്റിന്റെ പേര് വെളിപ്പെടുത്താൻ സൗരവിന്റെ കുടുംബം തയ്യാറായില്ല.
പഞ്ചാബിൽ നിന്നുള്ള 67 പേരും ഹരിയാനയിൽ നിന്നുള്ള 33 പേരും ഉൾപ്പെടെ 119 പേരാണ് രണ്ടാം ഘട്ടത്തിൽ നാടുകടത്തപ്പെട്ടത്. ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ഫെബ്രുവരി അഞ്ചിന് 104 പേരുമായി ആദ്യ വിമാനം എത്തിയിരുന്നു.
നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും 18 നും 30 നും ഇടയിൽ പ്രായമുള്ളവരാണ്. സർക്കാർ സഹായം തേടുമെന്ന് സൗരവ് പറഞ്ഞു.
Story Highlights: A Punjab family sold land and spent Rs 45 lakh for their son’s illegal immigration to the US, only for him to be deported.