അഫ്ഗാന്റെ മണ്ണിൽ നിന്ന് ഭീകര പ്രവർത്തനം കയറ്റുമതി ചെയ്യരുതെന്ന് താലിബാനോട് ഇന്ത്യ.

Anjana

അഫ്ഗാനിസ്ഥാൻ താലിബാൻ ഇന്ത്യ കൂടിക്കാഴ്ച്ച
അഫ്ഗാനിസ്ഥാൻ താലിബാൻ ഇന്ത്യ കൂടിക്കാഴ്ച്ച
Photo Credit: Twitter

കാബൂൾ: മറ്റുരാജ്യങ്ങളിൽ ഭീകരവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ അഫ്ഗാനിസ്താന്റെ മണ്ണ് ഉപയോഗപ്പെടുത്തരുതെന്ന് താലിബാനോട് ഇന്ത്യ. അഫ്ഗാനിസ്താനിലെ സർക്കാർ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ താലിബാൻ ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യയുടെ പ്രതികരണം.

താലിബാന്റെ അഫ്ഗാനിലെ സർക്കാർ രൂപവത്കരണത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഇന്ത്യൻ സർക്കാരിന് അറിയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം അഫ്ഗാനിസ്താന്റെ മണ്ണ് ഒരുതരത്തിലുമുള്ള ഭീകരവാദത്തിനും ആരും ഉപയോഗപ്പെടുത്താതിരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ബാഗ്ചി വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനാണ് പ്രാമുഖ്യം നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

നിലവിൽ കാബൂൾ വിമാനത്താവളം പ്രവർത്തന സജ്ജമല്ല. പ്രവർത്തനം ആരംഭിച്ചാൽ ഉടൻ തന്നെ കാബൂളിൽനിന്ന് ഇന്ത്യക്കാരെ പൂർണമായി തിരികെയെത്തിക്കും, അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ച ഇന്ത്യ താലിബാനുമായി ഔദ്യോഗിക ബന്ധത്തിന് തുടക്കം കുറിക്കുന്നതിന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ത്യയുടെ ഖത്തറിലെ അംബാസിഡർ ദീപക് മിത്തലും താലിബാന്റെ ദോഹയിലെ രാഷ്ട്രീയ ഓഫീസ് മേധാവി മൊഹമ്മദ് അബ്ബാസ് സ്റ്റാനെക്സായിയുമായാണ് കൂടിക്കാഴ്ച നടത്തിയത്. താലിബാന്റെ ഭാഗത്തുനിന്നുള്ള അഭ്യർഥനയെ തുടർന്നായിരുന്നു കൂടിക്കാഴ്ച. ദോഹയിലെ ഇന്ത്യൻ എംബസിയിലാണ് കൂടിക്കാഴ്ച നടന്നത്.

Story highlight : Indian and Taliban meets at Doha.