രാജസ്ഥാനിലെ പാകിസ്താൻ അതിർത്തിയിൽ വ്യോമസേന അഭ്യാസ പ്രകടനം നടത്തും. സൗത്ത് വെസ്റ്റേൺ എയർ കമാൻഡിന്റെ നേതൃത്വത്തിലാണ് ഈ അഭ്യാസം നടക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നര മുതൽ വെള്ളിയാഴ്ച രാത്രി വരെ വ്യോമമേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റഫേൽ ഉൾപ്പെടെയുള്ള വിമാനങ്ങൾ അഭ്യാസത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
മേഖലയിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയത്ത് സാധാരണക്കാർക്ക് വ്യോമഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിവിൽ ഡിഫൻസ് മോക്ഡ്രില്ലിനുള്ള ഒരുക്കങ്ങളും പൂർത്തിയായി.
രാജ്യവ്യാപകമായി 259 ഇടങ്ങളിലാണ് മോക്ഡ്രിൽ നടക്കുക. യുദ്ധ സാഹചര്യത്തിൽ എന്തൊക്കെ ചെയ്യണമെന്ന് ജനങ്ങളെ ബോധവൽക്കരിക്കാനാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച മോക്ഡ്രിൽ നടത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
1971 ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടിക്ക് രാജ്യം സാക്ഷിയാവുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരുടെ യോഗം വീഡിയോ കോൺഫറൻസിലൂടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ചു ചേർത്തു. ദേശീയ ദുരന്ത നിവാരണ സേന അടക്കമുള്ള വിവിധ ഏജൻസികളുടെ തലവന്മാരും യോഗത്തിൽ പങ്കെടുത്തു.
വ്യോമാക്രമണങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള വഴികൾ, തന്ത്രപ്രധാന സ്ഥാപനങ്ങളെ ശത്രുവിന്റെ കണ്ണിൽ നിന്നും മറയ്ക്കുക, അടിയന്തര സാഹചര്യത്തിൽ ആശയവിനിമയം തുടങ്ങിയവയെക്കുറിച്ച് കേന്ദ്രസർക്കാർ വിശദീകരിച്ചു. ജനങ്ങൾക്ക് നൽകേണ്ട മാർഗനിർദേശങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
കേന്ദ്രം തയ്യാറാക്കിയ സിവിൽ ഡിഫൻസ് ജില്ലകളുടെ പട്ടികയിൽ തിരുവനന്തപുരവും എറണാകുളവും ഉൾപ്പെടുന്നു. കേരളത്തിലെ ഡാമുകളുടെ സുരക്ഷ കൂട്ടാനുള്ള നിർദ്ദേശവും ലഭിച്ചിട്ടുണ്ട്. ഇതിനിടെ, പ്രധാനമന്ത്രിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ വീണ്ടും ചർച്ച നടത്തി. 12 മണിക്കൂറിനുള്ളിൽ രണ്ടാം തവണയായിരുന്നു ഈ കൂടിക്കാഴ്ച.
Story Highlights: The Indian Air Force will conduct exercises on the Pakistan border in Rajasthan.