ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ, രോഹിത് ശർമ്മയെ പരസ്യമായി വിമർശിച്ച കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് അഭിനന്ദനവുമായി രംഗത്തെത്തി. 2025 ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിന് ശേഷം രോഹിത്തിന്റെ ഫിറ്റ്നസിനെ ചോദ്യം ചെയ്ത ഷമയുടെ പരാമർശങ്ങൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ‘തടിയൻ’, ‘ഏറ്റവും മോശം ഇന്ത്യൻ ക്യാപ്റ്റൻ’ തുടങ്ങിയ പരാമർശങ്ങൾ ഉൾപ്പെടെ രോഹിത്തിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു ഷമയുടെ വിമർശനം.
സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധത്തിന് പിന്നാലെ വിവാദ പോസ്റ്റ് ഷമ പിൻവലിച്ചിരുന്നു. എന്നാൽ, ഫൈനലിൽ 76 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത്, വിമർശകർക്ക് ശക്തമായ മറുപടി നൽകി. ന്യൂസിലൻഡിനെതിരെ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
ദുബൈയിൽ നടന്ന ഫൈനലിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്ത് വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ട്രോഫി കിരീടങ്ങൾ നേടുന്ന ടീം എന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി. 2002, 2013 വർഷങ്ങൾക്ക് ശേഷം ഇന്ത്യ മൂന്നാം തവണയാണ് കിരീടം നേടുന്നത്.
ടൂർണമെന്റിൽ പരാജയമറിയാതെയാണ് ഇന്ത്യ കിരീടം നേടിയത്. കെ.എൽ രാഹുലും ശ്രേയസ് അയ്യரும் നിർണായക ഇന്നിങ്സുകൾ കളിച്ചതും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.
വിജയത്തിന് ശേഷം ടീം ഇന്ത്യയെ അഭിനന്ദിച്ച് ഷമ മുഹമ്മദ് എക്സിൽ കുറിപ്പ് പങ്കുവെച്ചു. രോഹിത് ശർമ്മയ്ക്കും കെ.എൽ രാഹുലിനും ശ്രേയസ് അയ്യർക്കും പ്രത്യേക അഭിനന്ദനങ്ങൾ നേർന്ന ഷമ, ടീമിന്റെ മികച്ച പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു. മാർച്ച് 9, 2025ന് പങ്കുവെച്ച ട്വീറ്റിൽ ഇന്ത്യയുടെ വിജയത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ചു.
Congratulations to #TeamIndia for their stupendous performance in winning the #ChampionsTrophy2025! 🇮🇳🏆
Hats off to Captain @ImRo45 who led from the front with a brilliant 76, setting the tone for victory. @ShreyasIyer15 and @klrahul played crucial knocks, steering India to…
— Dr. Shama Mohamed (@drshamamohd) March 9, 2025
Story Highlights: Indian cricket team wins Champions Trophy 2025, Congress leader Shama Mohammed congratulates after earlier criticism of Rohit Sharma.