അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാരെ വഹിച്ച വിമാനം ഇന്നലെ ഉച്ചയ്ക്ക് ശേഷം അമൃത്സറിൽ എത്തി. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ പൊലീസ് വാഹനങ്ങളിൽ അവരുടെ നാട്ടിലേക്ക് എത്തിച്ചു. ഈ നാടുകടത്തലുമായി ബന്ധപ്പെട്ട് ഗുരുദാസ്പൂരിൽ നിന്നുള്ള 36 കാരനായ ജസ്പാൽ സിങ് പിടിഐ വാർത്താ ഏജൻസിയോട് പ്രധാനപ്പെട്ട വിവരങ്ങൾ പങ്കുവച്ചു.
പലരും അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെടുകയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ജസ്പാൽ സിങ് പറയുന്നത്. മറ്റൊരു ക്യാമ്പിലേക്ക് മാറ്റുമെന്നാണ് അവർ കരുതിയിരുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഇന്ത്യയിലേക്കുള്ള യാത്രയെക്കുറിച്ച് അവരെ അറിയിച്ചത്. കൈയിൽ വിലങ്ങും കാലിൽ ചങ്ങലയുമിട്ടാണ് അവരെ അമേരിക്കയിൽ നിന്ന് കൊണ്ടുപോയതെന്നും അമൃത്സർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇവ മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയിലേക്ക് നിയമപരമായി കടക്കാനുള്ള ശ്രമത്തിനിടയിൽ ഒരു ട്രാവൽ ഏജന്റ് തന്നെ ചതിച്ചതാണെന്നാണ് ജസ്പാൽ സിങ്ങിന്റെ ആരോപണം. ശരിയായ യുഎസ് വിസ ലഭിച്ചതിന് ശേഷം തന്നെ അമേരിക്കയിലേക്ക് അയയ്ക്കാൻ ഏജന്റോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അയാൾ തന്നെ ചതിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഈ യാത്രയുമായി ബന്ധപ്പെട്ട് 30 ലക്ഷം രൂപയുടെ ഡീലാണ് ഏജന്റുമാരുമായി നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ജൂലൈയിലാണ് താൻ ബ്രസീലിൽ എത്തിയതെന്നും ജസ്പാൽ സിങ് പറഞ്ഞു.
ഹർവിന്ദർ സിങ് എന്ന മറ്റൊരു വ്യക്തി അമേരിക്കയിലേക്കുള്ള യാത്രയെക്കുറിച്ച് വിശദീകരിച്ചു. ഖത്തർ, ബ്രസീൽ, പെറു, കൊളംബിയ, പനാമ, നിക്കരാഗ്വാ, മെക്സിക്കോ എന്നീ രാജ്യങ്ങളിലൂടെയാണ് താൻ അമേരിക്കയിൽ എത്തിയത്. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള 40 മണിക്കൂർ യാത്രയെ ‘നരകത്തേക്കാൾ മോശം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഭക്ഷണം കഴിക്കാൻ പോലും വിലങ്ങുകളുമായി കഷ്ടപ്പെട്ടു. ശാരീരികമായും മാനസികമായും വളരെ ബുദ്ധിമുട്ടുള്ള യാത്രയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്ക്ക് 2.05 ഓടെയാണ് അമേരിക്കൻ സൈനിക വിമാനം അമൃത്സറിൽ ഇറങ്ങിയത്. സി-17 യുഎസ് സൈനിക ട്രാൻസ്പോർട്ട് വിമാനത്തിലാണ് 104 പേരെയും കൊണ്ടുവന്നത്. അമേരിക്ക-മെക്സിക്കോ അതിർത്തി വഴി അമേരിക്കയിലേക്ക് എത്തിയവരെയാണ് പിടികൂടി തിരിച്ചയച്ചതെന്ന് പഞ്ചാബ് സർക്കാർ സ്ഥിരീകരിച്ചു. സാൻ ഡീഗോ മറീൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ 40 മണിക്കൂർ യാത്ര ചെയ്ത ശേഷമാണ് അവർ അമൃത്സറിൽ എത്തിയത്. 104 പേരിൽ 33 പേർ ഹരിയാനയിൽ നിന്നും 33 പേർ ഗുജറാത്തിൽ നിന്നും 30 പേർ പഞ്ചാബിൽ നിന്നുമുള്ളവരാണ്. മഹാരാഷ്ട്രയിൽ നിന്നും പൂനെയിൽ നിന്നുമുള്ള മൂന്ന് പേർ വീതവുമുണ്ട്.
അതേസമയം, അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചയച്ച അമേരിക്കയുടെ നടപടി പാർലമെന്റിൽ ചർച്ച ചെയ്യാൻ പ്രതിപക്ഷം നീക്കം നടത്തുന്നു. കോൺഗ്രസ് അംഗങ്ങൾ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. അപമാനകരമായ നടപടിയെന്ന് എംപിമാരായ മാണിക്കം ടാഗോറും ഗൗരവ് ഗോഗോയും വ്യക്തമാക്കി. കൈവിലങ്ങിട്ട രീതിയിലുള്ള ഇന്ത്യൻ കുടിയേറ്റക്കാരുടെ ചിത്രം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് പവൻ ഖേര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. എന്നാൽ ഇന്ത്യക്കാരെ വിലങ്ങുവെച്ചാണ് കൊണ്ടുവന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ കേന്ദ്ര സർക്കാർ നിഷേധിച്ചിരുന്നു.
Story Highlights: 104 Indians deported from the US, arriving in India in handcuffs, claim deportees.