ഇന്ത്യയും ബ്രിട്ടനുമായുള്ള ബന്ധത്തിൽ പുതിയ അധ്യായം തുറന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. ഇരു രാജ്യങ്ങൾക്കും സ്വതന്ത്ര വ്യാപാര കരാർ ഗുണകരമാണെന്നും ഗസ്സയിലെയും യുക്രൈനിലെയും സംഘർഷങ്ങൾ ചർച്ചാവിഷയമായെന്നും മോദി- സ്റ്റാമർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രശംസിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിൻ്റെ ഭാഗമായി പ്രതിരോധം അടക്കമുള്ള മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും തമ്മിൽ നടന്ന ചർച്ചയിൽ മിഷൻ 2035 എന്ന അടുത്ത പത്ത് വർഷത്തേക്കുള്ള വ്യാപാരം, പ്രതിരോധം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളിൽ ഒരുപോലെ ശ്രദ്ധ ചെലുത്താൻ തീരുമാനിച്ചു. വ്യാപാര രംഗത്ത് പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ സംയുക്തമായി ഗവേഷണങ്ങൾ നടത്താനും ധാരണയായിട്ടുണ്ട്.
സ്വതന്ത്ര വ്യാപാര കരാറിലൂടെ വ്യാപാര ചുങ്കം കുറഞ്ഞത് ഇരു രാജ്യങ്ങൾക്കും ഗുണകരമാകും. ഇതുവഴി കൂടുതൽ തൊഴിലവസരങ്ങൾ തുറക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 9 ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയിൽ വന്നു. ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നതാണ് ഇന്ത്യയുടെ നയം. ജൂലൈ മാസത്തിൽ പ്രധാനമന്ത്രി ബ്രിട്ടണിൽ എത്തിയപ്പോൾ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചിരുന്നു.
ഇന്തോ-പസഫിക് മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കൊപ്പം നൂറോളം പേരടങ്ങുന്ന വലിയ സംഘമാണ് ഇന്ത്യയിലേക്ക് എത്തിയത്.
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ ഇരു രാജ്യങ്ങൾക്കും സാമ്പത്തികപരമായും വ്യാവസായികപരമായും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights: PM Narendra Modi announces a new chapter in India-UK relations, highlighting the benefits of the free trade agreement and discussions on global conflicts.