രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കുന്ന വിരുന്നിൽ വ്ളാഡിമിർ പുടിൻ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ന് കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ധാരണാപത്രങ്ങളിൽ ഒപ്പുവെക്കാൻ സാധ്യതയുണ്ട്.
ഇരുപത്തിമൂന്നാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിലെത്തി. രാവിലെ 11-ന് ഹൈദരാബാദ് ഹൗസിൽ 23-ാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിക്ക് തുടക്കമാകും. കൂടാതെ വൈകിട്ട് നാലിന് ഇന്തോ-റഷ്യ ബിസിനസ് ഫോറത്തിൽ മോദിയും പുടിനും പങ്കെടുക്കും.
രാഷ്ട്രപതിഭവനിൽ പുടിന് ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് പുടിൻ ആദരാഞ്ജലി അർപ്പിക്കും. ആരോഗ്യം, പ്രതിരോധം, കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടക്കും.
അമേരിക്കയ്ക്ക് റഷ്യയിൽ നിന്നും യുറേനിയം വാങ്ങാമെങ്കിൽ എന്തുകൊണ്ട് ഇന്ത്യയ്ക്ക് റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കൂടാ എന്ന് പുടിൻ ചോദിച്ചു. ഇന്ത്യയുമായുള്ള റഷ്യയുടെ ഊർജ്ജ പങ്കാളിത്തം സുസ്ഥിരമാണെന്നും പാശ്ചാത്യ ഉപരോധങ്ങൾ അതിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോൺബാസ് വിട്ടുനൽകാതെ യുക്രെയ്ൻ യുദ്ധം അവസാനിക്കില്ലെന്ന് പുടിൻ വ്യക്തമാക്കി. യുക്രെയ്ൻ സൈന്യം ഡോൺബാസിൽ നിന്നും പിന്മാറാത്ത പക്ഷം സൈനികാക്രമണത്തിലൂടെ പ്രദേശം കീഴടക്കുമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്യങ്ങൾ നേടിയ ശേഷം മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്നും പുടിൻ കൂട്ടിച്ചേർത്തു.
ഡൽഹിയിലെ പാലം സൈനിക വിമാനത്താവളത്തിൽ എത്തിയ റഷ്യൻ പ്രസിഡന്റിന് രാജ്യം ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോക്കോളുകൾ മാറ്റിവെച്ച് നേരിട്ടെത്തി പുടിനെ സ്വീകരിച്ചു. തുടർന്ന് ഇരുവരും ഒരേ വാഹനത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോവുകയായിരുന്നു.
Story Highlights: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.



















