ഇന്ത്യയുടെയും പാകിസ്താന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന അവകാശവാദവുമായി പാകിസ്താൻ രംഗത്ത്. അസിം മാലിക് എന്ന പാക് സുരക്ഷാ ഉപദേഷ്ടാവ്, ഇന്ത്യയുടെ അജിത് ഡോവലുമായി ചർച്ച നടത്തിയെന്നാണ് പാകിസ്താന്റെ പുതിയ വാദം. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ധർ ഒരു തുർക്കി മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ അവകാശവാദം ഉന്നയിച്ചത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷമാണ് അസിം മാലിക് അജിത് ഡോവലുമായി സംസാരിച്ചതെന്നാണ് പാകിസ്താന്റെ വാദം. ഇരു രാജ്യങ്ങളും തമ്മിൽ ആക്രമണങ്ങൾ ഒഴിവാക്കാൻ ധാരണയായെന്നും ഇഷാഖ് ധർ സൂചിപ്പിച്ചു. പഹൽഗാം ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയ ശേഷമാണ് ഇരുവരും സംസാരിച്ചതെന്നാണ് വിവരം.
ഇന്നലെ പുലർച്ചെ, പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ, പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകര കേന്ദ്രങ്ങൾ തകർത്തു. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ട ഈ സൈനിക നീക്കത്തിൽ പാക് അധീന കാശ്മീരിലെ ഒൻപത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്.
ഓപ്പറേഷനു വേണ്ടി അത്യാധുനിക ആയുധങ്ങളാണ് സൈന്യം ഉപയോഗിച്ചത്. ഫ്രാൻസ് നിർമ്മിത സ്കാൽപ് മിസൈലുകളും, ക്രൂയിസ് മിസൈലുകളും ഇതിൽ ഉൾപ്പെടുന്നു. സ്മാർട്ട് ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു സൈന്യത്തിന്റെ ഈ മിന്നലാക്രമണം. സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കര-വ്യോമ-നാവിക സേനകളുടെ യോഗം ചേർന്നു.
അതിർത്തിയിലെ സ്ഥിതിഗതികൾ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അതിർത്തി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി ജമ്മുവിൽ കൺട്രോൾ റൂമുകൾ തുറന്നു.
Story Highlights: Pakistan claims its National Security Advisor spoke with India’s Ajit Doval after Operation Sindoor, a claim India has not confirmed.