മധ്യേഷ്യയിൽ സ്ഥിതി കലുഷിതമായിരിക്കുകയാണ്. ലെബനനിലെ പേജർ സ്ഫോടനങ്ങൾക്ക് പിന്നാലെ, ലെബനൻ്റെയും സിറിയയുടെയും അതിർത്തി മേഖലകളിൽ നടന്ന തുടർ ആക്രമണങ്ങൾ കാരണം രണ്ട് ദിവസത്തിനിടെ 37 പേർ കൊല്ലപ്പെടുകയും 3500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രയേലും ഇറാൻ്റെ പിന്തുണയുള്ള ലെബനീസ് സായുധ സേനയും രണ്ട് പക്ഷത്തുമായി നിൽക്കുമ്പോൾ, ഇരുകൂട്ടരുടെയും സുഹൃത്തായ ഇന്ത്യയ്ക്കും ആശങ്കയേറെയുണ്ട്.
ഇന്ത്യയുടെ പ്രധാന ആശങ്കകളിൽ ഒന്ന് രാജ്യത്തേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയാണ്. മധ്യേഷ്യയിൽ നിന്നാണ് രാജ്യത്തേക്കുള്ള ക്രൂഡ് ഇറക്കുമതിയുടെ സിംഹഭാഗവും എത്തുന്നത്. ഇവിടെ കലുഷിത സാഹചര്യം ഉണ്ടായാൽ ക്രൂഡ് വിതരണത്തെയും ലഭ്യതയെയും അത് സാരമായി ബാധിക്കും, ഇന്ത്യയിലെ ഊർജ്ജോൽപ്പാദനത്തെയടക്കം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടും. കൂടാതെ, ഈ മേഖലയിലെ വിവിധ രാജ്യങ്ങളിലായി ഇന്ത്യയിൽ നിന്നുള്ള 90 ലക്ഷത്തോളം പേർ ജോലി ചെയ്യുന്നുണ്ട്, ഇന്ത്യയിലേക്ക് എത്തുന്ന വിദേശനാണ്യത്തിൻ്റെ വലിയ ഭാഗവും ഇവരിൽ നിന്നാണ്.
മധ്യേഷ്യയിൽ സംഘർഷം കനക്കുന്നതിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ നബി ദിന പ്രസംഗത്തിൻ്റെ ചൂടാറും മുൻപ് ഉണ്ടായ പേജർ ആക്രമണങ്ങളും തുടർ സംഭവങ്ങളും ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം വർധിപ്പിച്ചിട്ടുണ്ട്. ഇറാനെയും ഇസ്രയേലിനെയും നോവിക്കാതെ പ്രീതിപ്പെടുത്തിയുള്ള നിലപാട് സ്വീകരിക്കുകയാണ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനും മോദി സർക്കാരിനും മുന്നിലെ ഇപ്പോഴത്തെ വെല്ലുവിളി. ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിൽ നയപരമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോവുകയായിരുന്നു ഇന്ത്യ, എന്നാൽ ഇസ്രയേലും ഇറാൻ്റെ പിന്തുണയുള്ള ഹിസ്ബുള്ളയുമായി സംഘർഷം ശക്തമാകുന്നത് ഇന്ത്യക്ക് ഗുണകരമല്ല.
Story Highlights: Escalating tensions in Middle East pose significant challenges for India’s foreign policy, economic interests, and energy security