കേന്ദ്ര വിദേശകാര്യ മന്ത്രാലയം സിഎൻഎൻ വാർത്തയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. ബംഗ്ലാദേശിലെ വെള്ളപ്പൊക്കത്തിന് കാരണം പെട്ടെന്നുണ്ടായ അതിതീവ്ര മഴയാണെന്നും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ ഇടപെടലല്ലെന്നും അവർ വ്യക്തമാക്കി.
ത്രിപുരയിലെ ഡംബുർ അണക്കെട്ടിൽ നിന്ന് ഇന്ത്യ വെള്ളം തുറന്നുവിട്ടതാണ് തങ്ങളെ വെള്ളപ്പൊക്കം ബാധിക്കാൻ കാരണമെന്ന് ഫെനിയിലെ നാട്ടുകാർ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ഈ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമാണെന്ന് പറഞ്ഞു.
അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടത് അതിതീവ്ര മഴ പെയ്ത് അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് കൊണ്ടാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ബംഗ്ലാദേശിൽ വൈദ്യുതി ഇല്ലാത്തതും ആശയവിനിമയ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കാത്തതും മൂലം വെള്ളപ്പൊക്ക മുന്നറിയിപ്പ് കൃത്യമായി ജനങ്ങളിലേക്ക് എത്താതിരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജല വിഭവം കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ തുടർച്ചയായി ആശയവിനിമയം നടത്തുന്നുവെന്ന കാര്യം വിസ്മരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു. നിർണായക വിവരങ്ങൾ ഇരു രാജ്യങ്ങളും നിരന്തരം കൈമാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ വാർത്താ വിഭാഗം പറഞ്ഞതനുസരിച്ച് ബംഗ്ലാദേശിലെ 18 ദശലക്ഷം ജനം വെള്ളപ്പൊക്കത്തിൽ ബാധിക്കപ്പെട്ടു. രാജ്യത്തിൻ്റെ കിഴക്കൻ മേഖലയും സൗത്ത് ഈസ്റ്റ് മേഖലയും വെള്ളപ്പൊക്കത്തിൽ മുങ്ങി, 12 ലക്ഷത്തോളം പേർ പലയിടത്തായി കുടുങ്ങിക്കിടക്കുകയാണ്.
Story Highlights: MEA refutes CNN report blaming India for Bangladesh floods, cites excessive rainfall as cause