ഡൽഹി◾: പാകിസ്താനെതിരായ തിരിച്ചടിക്ക് സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും ലക്ഷ്യവും സമയവും സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. സൈന്യത്തിന്റെ തയ്യാറെടുപ്പുകളിലും മികവിലും പൂർണ തൃപ്തിയുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പാകിസ്താനെതിരായ തിരിച്ചടി ദേശീയ ദൃഢനിശ്ചയമാണെന്ന് പ്രധാനമന്ത്രി സൈനിക മേധാവിമാരെ അറിയിച്ചു. പ്രതിരോധ മന്ത്രി, സംയുക്ത സേനാ മേധാവി, കര-വ്യോമ-നാവിക സേനാ മേധാവിമാർ എന്നിവരുമായി പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം.
അതിർത്തിയിൽ പാകിസ്താന്റെ തുടർച്ചയായ പ്രകോപനങ്ങളും ഇന്ത്യൻ സേനയുടെ തയ്യാറെടുപ്പുകളും സൈനിക മേധാവിമാർ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി അമിത് ഷായും ആർഎസ്എസ് തലവൻ മോഹൻ ഭഗവതും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
പാകിസ്താനെതിരായ നടപടികളെക്കുറിച്ച് കേന്ദ്രസർക്കാർ നാളെ വാർത്താസമ്മേളനത്തിൽ വിശദീകരിക്കും. കുപ്വാര, ബാരാമുള്ള, അഗ്നൂർ എന്നിവിടങ്ങളിൽ പാക് പോസ്റ്റുകളിൽ നിന്നുണ്ടായ വെടിവയ്പ്പിന് ഇന്ത്യ ശക്തമായി തിരിച്ചടി നൽകി.
ഇന്ത്യൻ വെബ്സൈറ്റുകൾക്ക് നേരെയുള്ള പാകിസ്താൻ ഹാക്കർമാരുടെ ശ്രമങ്ങളും തുടരുകയാണ്. പ്രകോപനം തുടരുന്ന പാകിസ്താനെതിരെ ഇന്ത്യ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിലേക്കുള്ള പ്രവേശനം നിഷേധിക്കും.
ഇന്ത്യൻ തുറമുഖങ്ങളിൽ പാകിസ്താൻ കപ്പലുകൾക്കും വിലക്ക് ഏർപ്പെടുത്തിയേക്കും. അതിർത്തി കടന്നെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ ആറു ദിവസം പിന്നിട്ടിട്ടും പാകിസ്താൻ വിട്ടുനൽകിയിട്ടില്ല. ദേശസുരക്ഷയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ വീണ്ടും കേന്ദ്രമന്ത്രിസഭായോഗം ചേരും.
Story Highlights: Indian Prime Minister Narendra Modi has granted the armed forces complete autonomy in determining the nature, targets, and timing of retaliatory actions against Pakistan.