നവസാങ്കേതിക വിദ്യയുടെയും വ്യവസായത്തിന്റെയും സഹകരണം സാധ്യമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരള (IIITMK) യും സിനോപ്സിസ് കമ്പനിയും തമ്മിൽ ധാരണാപത്രം (MoU) ഒപ്പുവെച്ചു. ചിപ് ഡിസൈൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഹാർഡ്വെയർ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളിൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പ്രത്യേക ഇന്റേൺഷിപ്പ് പരിശീലനവും, സംയുക്ത ആർആൻഡ്ഡി പദ്ധതികളിൽ പരസ്പര പങ്കാളിത്തവും ഉറപ്പാക്കുന്നതാണ് ഈ ധാരണാപത്രം. ഈ സഹകരണത്തോടെ അക്കാദമിക് പ്രോഗ്രാമുകൾ വ്യവസായ ആവശ്യങ്ങൾക്കനുസൃതമാക്കാനും സെമികണ്ടക്ടർ മേഖലയിലെ വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള കഴിവുകളും പരിജ്ഞാനവും നൽകുവാനും സാധിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഐഐടിഎംകെ ഡയറക്ടർ പ്രൊഫ. അലക്സ് ജെയിംസ്, ഐടി സെക്രട്ടറി ഡോ. രത്തൻ കെൽക്കർ, സിനോപ്സിസ് പ്രോഗ്രാം മാനേജർ ഡോ. സങ്കൽപ് കുമാർ സിംഗ്, സിനോപ്സിസ് ജിടിഎം സീനിയർ ഡയറക്ടർ സുധീപ് കെ ശിവല്ലി തുടങ്ങിയവർ പങ്കെടുത്തു. ഈ ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ പ്രത്യേക പരിശീലന പ്രോഗ്രാമുകൾ, ഓപ്പൺ ഇന്നവേഷൻ ലാബ്, സാമൂഹ്യപരമായ പ്രയോജനങ്ങൾക്കായുള്ള എഐ ഹാർഡ്വെയർ പ്രോജക്റ്റുകൾ, ഇന്റേൺഷിപ്പ്, തൊഴിൽ സാധ്യതകൾ എന്നിവ ഉൾപ്പെടുന്നു.
ഐസി ഡിസൈൻ, എഐ അപ്ലിക്കേഷനുകൾ തുടങ്ങിയ മേഖലകളിൽ പ്രത്യേക ശില്പശാലകൾ, സർട്ടിഫിക്കേഷൻ കോഴ്സുകൾ, പ്രായോഗിക പരിശീലനം എന്നിവ സാധ്യമാകും. സിനോപ്സിസ് അവരുടെ ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യകളും പങ്കുവെക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് വ്യവസായപ്രധാനമായ പരിജ്ഞാനം ലഭിക്കും. സ്റ്റാർട്ടപ്പുകൾക്കും സംരംഭകത്വത്തിനും ഇത് കൂടുതൽ പ്രയോജനപ്രദമാകും. നൂതന വിഷയങ്ങളിൽ സംയുക്ത ഗവേഷണം നടത്താൻ ഐഐടിഎംകെയിൽ ഒരു ഓപ്പൺ ഇന്നവേഷൻ ലാബ് സ്ഥാപിക്കും. ഇതിൽ ലോ-പവർ എഐ പ്രോസസർ, ന്യൂറോമോർഫിക് കമ്പ്യൂട്ടിംഗ്, ചിപ് ഓപ്റ്റിമൈസേഷൻ എന്നിവ ഉൾപ്പെടും.
Story Highlights: IIITMK and Synopsis sign MoU for collaboration in advanced technologies like chip design and AI hardware