ആറാം ദിവസവും ഐഎഫ്എഫ്കെ വേദികൾ ചലച്ചിത്രാസ്വാദനത്തിന്റെ മാറ്റ് കൂട്ടി. നിറഞ്ഞ പ്രേക്ഷക പങ്കാളിത്തത്തോടെ 67 സിനിമകൾ പ്രദർശിപ്പിച്ചു. മിക്ക ചിത്രങ്ങളും മികച്ച അഭിപ്രായം നേടി പ്രേക്ഷകരുടെ പിന്തുണ സ്വന്തമാക്കി.
കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ്പ്രീ അവാർഡ് നേടിയ പായൽ കപാഡിയയുടെ ‘പ്രഭയായ് നിനച്ചതെല്ലാം’ ടാഗോർ തിയേറ്ററിൽ നിറഞ്ഞ സദസ്സിന് മുന്നിൽ പ്രദർശിപ്പിച്ചു. സ്ത്രീ സൗന്ദര്യ സങ്കൽപ്പങ്ങൾ പ്രമേയമാക്കിയ ‘ദ സബ്സ്റ്റൻസി’ന്റെ മൂന്നാം പ്രദർശനത്തിനും കാണികളുടെ തിരക്കനുഭവപ്പെട്ടു. ‘കോൺക്ലേവ്’, ‘അനോറ’, ‘ഫെമിനിച്ചി ഫാത്തിമ’, ‘കാമദേവൻ നക്ഷത്രം കണ്ടു’, ‘ഭാഗ്ജാൻ’, ‘ദ ഷെയിംലെസ്’ തുടങ്ങിയ ചിത്രങ്ങൾ വീണ്ടും പ്രദർശിപ്പിച്ചു.
മധു അമ്പാട്ട് റെട്രോസ്പെക്റ്റീവ് വിഭാഗത്തിൽ ഭരതൻ സംവിധാനം ചെയ്ത ‘അമരം’, ഹോമേജ് വിഭാഗത്തിൽ ഹരികുമാറിന്റെ ‘സുകൃതം’ എന്നിവയും പ്രദർശിപ്പിച്ചു. ടാഗോർ തിയറ്ററിൽ നടന്ന ‘മീറ്റ് ദ ഡയറക്ടർ’ ചർച്ചയിൽ മീരാ സാഹിബ് മോഡറേറ്ററായി. വിവിധ സംവിധായകരും അഭിനേതാക്കളും പങ്കെടുത്തു.
നിള തിയേറ്ററിൽ നടന്ന ‘ഇൻ കോൺവെർസേഷനിൽ’ കാൻ പുരസ്കാര ജേതാവ് പായൽ കപാഡിയ അതിഥിയായി. തിയേറ്റർ നിറഞ്ഞ ജനപങ്കാളിത്തമായിരുന്നു കപാഡിയയുടെ സംഭാഷണ പരിപാടിക്ക്. ടാഗോർ പരിസരത്ത് നടന്ന ഓപ്പൺ ഫോറത്തിൽ ഫിപ്രസി സെമിനാർ സംഘടിപ്പിച്ചു. ‘ഇന്ത്യ – റിയാലിറ്റി ആൻഡ് സിനിമ’ എന്നതായിരുന്നു ചർച്ചാ വിഷയം. വൈകീട്ട് മാനവീയം വീഥിയിൽ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറി.
Story Highlights: IFFK’s sixth day sees packed venues and diverse film screenings, including award-winning films and engaging discussions.