ദമ്മാം◾: സ്വതന്ത്രമായ നീതിനിർവഹണം ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്നും അത് ഓരോ പൗരന്റെയും അവകാശമാണെന്നും ഐസിഎഫ് ഫ്രീഡം ഡിസ്കോഴ്സ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ എഴുപത്തി ഒൻപതാം സ്വാതന്ത്ര്യദിനത്തിൽ, ‘നീതി സ്വതന്ത്രമാകട്ടെ’ എന്ന പ്രമേയത്തിൽ ഐസിഎഫ് ദമ്മാം റീജിയൻ കമ്മിറ്റി സംഘടിപ്പിച്ച ഫ്രീഡം ഡിസ്കോഴ്സിൽ സംസാരിക്കുകയായിരുന്നു അവർ. ഭരണഘടന നൽകുന്ന അവകാശങ്ങൾ എല്ലാവർക്കും നീതിയുക്തമായും സ്വതന്ത്രമായും ഉറപ്പാക്കാൻ സർക്കാരുകൾക്കും നിയമനിർമ്മാണസഭകൾക്കും ബാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
നിയമവാഴ്ചയുടെ പ്രധാന കാതൽ നിയമത്തിനു മുൻപിൽ എല്ലാവരും തുല്യരാണെന്നതാണ്. കക്ഷി രാഷ്ട്രീയത്തിന്റെയോ, ജാതിയുടെയോ, മതത്തിന്റെയോ, മറ്റേതെങ്കിലും തരത്തിലുള്ള വേർതിരിവുകളോ ഉണ്ടാവാതെ എല്ലാവർക്കും നീതി ലഭിക്കണം. ആർക്കും നീതി നിഷേധിക്കപ്പെടാൻ പാടില്ലെന്നും ഐസിഎഫ് ഫ്രീഡം ഡിസ്കോഴ്സ് വ്യക്തമാക്കി.
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി ഒൻപതാം വാർഷികം ആഘോഷിക്കുമ്പോഴും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൗരന്മാർക്ക് നീതി നിഷേധിക്കപ്പെടുന്നത് ഖേദകരമാണെന്ന് ഫ്രീഡം ഡിസ്കോഴ്സ് അഭിപ്രായപ്പെട്ടു. നമ്മുടെ പൂർവികർ ഒരുമിച്ചുനിന്ന് നേടിയ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. പ്രവാസികൾക്കും ഈ വിഷയത്തിൽ ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട് എന്നും ഫ്രീഡം ഡിസ്കോഴ്സ് ഓർമ്മിപ്പിച്ചു.
ഹോളിഡേയ്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഐസിഎഫ് റീജിയൻ ഡെപ്യൂട്ടി പ്രസിഡന്റ് സിദ്ദിഖ് സഖാഫി ഉറുമി ഫ്രീഡം ഡിസ്കോഴ്സ് ഉദ്ഘാടനം ചെയ്തു. ഓപ്പറേഷനൽ അഫയെഴ്സ് പ്രസിഡന്റ് ശംസുദ്ദിൻ സഅദി അധ്യക്ഷത വഹിച്ചു.
ചാപ്റ്റർ സെക്രട്ടറി അൻവർ കളറോഡ് വിഷയാവതരണം നടത്തി. റീജിയൻ പ്രസിഡന്റ് അഹ്മദ് നിസാമി, സാമൂഹ്യ പ്രവർത്തകരായ സാജിദ് ആറാട്ടുപുഴ, മഹമൂദ് പൂക്കാട്, സ്വബൂർ വാരം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മീഡിയ & പിആർ സെക്രട്ടറി മുസ്തഫ മുക്കൂട് മോഡറേറ്റർ ആയിരുന്നു. ഓർഗനൈസേഷൻ സെക്രട്ടറി മുനീർ തോട്ടട സ്വാഗതവും അഡ്മിൻ സെക്രട്ടറി ജാഫർ സാദിഖ് നന്ദിയും പറഞ്ഞു.
Story Highlights: ICF Freedom Discourse emphasized that independent justice is the foundation of democracy and a right of every citizen.