**തിരുവനന്തപുരം◾:** ഐ.ബി. ഉദ്യോഗസ്ഥ മേഘ ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ പ്രതിയായി സുഹൃത്ത് സുകാന്ത് ഒളിവിൽ പോയി. മരണത്തിന് തൊട്ടുമുമ്പ് എട്ട് സെക്കൻഡ് സുകാന്തുമായി മേഘ ഫോണിൽ സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തി. സുകാന്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും പോലീസ് അറിയിച്ചു. മലപ്പുറത്തെ വീട്ടിൽ ഉൾപ്പെടെ പോലീസ് പരിശോധന നടത്തിയെങ്കിലും സുകാന്തിനെ കണ്ടെത്താനായില്ല.
മേഘയുടെ മാതാപിതാക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം. മരണദിവസം സുകാന്തും മേഘയും തമ്മിൽ നാല് തവണ ഫോണിൽ സംസാരിച്ചിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ മേഘയുടെ പിതാവ് പോലീസിന് കൈമാറിയിട്ടുണ്ട്.
മകളെ ഐ.ബി. ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷ് സാമ്പത്തികമായി ചൂഷണം ചെയ്തതായി പിതാവ് ആരോപിച്ചു. യാത്രാ ചെലവുകൾ വഹിച്ചിരുന്നത് മേഘയായിരുന്നുവെന്നും പിതാവ് പറഞ്ഞു. സുകാന്തിനെ കാണാൻ മേഘ പലവട്ടം കൊച്ചിയിലേക്ക് പോയിരുന്നു. സുകാന്തും പലവട്ടം തിരുവനന്തപുരത്ത് വന്നിരുന്നു.
ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം മലപ്പുറം സ്വദേശിയായ സുകാന്തിന്റെ അക്കൗണ്ടിലേക്ക് മകൾ പണം ട്രാൻസ്ഫർ ചെയ്തു നൽകിയതായി പിതാവ് പറഞ്ഞു. മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ വെറും 80 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പിതാവ് ആരോപിച്ചു. ഭീഷണിയും ചൂഷണവുമാണ് മകളെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും പിതാവ് മധുസൂദനൻ പറഞ്ഞു.
സുകാന്ത് സുരേഷിന് നോട്ടീസ് നൽകി വിളിച്ചുവരുത്താനും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുകാന്ത് ഒളിവിൽ പോയതെന്ന് പോലീസ് അറിയിച്ചു. പേട്ട പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Story Highlights: IB officer Megha’s friend Sukant is absconding after she died by suicide in Thiruvananthapuram.