ഇന്ത്യൻ വിപണിയിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ട് ഹ്യുണ്ടായിയുടെ പുതിയ പദ്ധതി. 2030 സാമ്പത്തിക വർഷത്തോടെ 26 പുതിയ മോഡലുകൾ പുറത്തിറക്കാനാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ലക്ഷ്യം. ഇതിൽ ആറ് ഇലക്ട്രിക് വാഹനങ്ങളും 20 ഇന്റേണൽ കംബസ്റ്റ്യൻ എൻജിൻ വാഹനങ്ങളും ഉൾപ്പെടുന്നു. അതുപോലെ ഹ്യുണ്ടായിയുടെ ആഡംബര ബ്രാൻഡായ ജെനസിസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
പുതിയ മോഡലുകളിൽ പലതും പൂനെയിലെ തലേഗാവ് നിർമ്മാണ കേന്ദ്രത്തിൽ നിന്നാണ് പുറത്തിറങ്ങുക. ഈ സാമ്പത്തിക വർഷത്തിൽ തന്നെ തലേഗാവിലെ നിർമ്മാണ പ്ലാന്റ് പൂർത്തിയാക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഈ പ്ലാന്റ് വരുന്നതോടെ ഉത്പാദനം 9,94,000 യൂണിറ്റായി ഉയർത്താൻ കഴിയും. വാഹനങ്ങളുടെ പൂർണ്ണമായ അസംബ്ലിങ് അടുത്ത മാസങ്ങളിൽ ആരംഭിക്കും.
2024-25 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര വിൽപ്പനയിലും കയറ്റുമതിയിലും ഹ്യുണ്ടായി രണ്ടാം സ്ഥാനത്താണ്. എഞ്ചിൻ ഉൽപ്പാദനം തലേഗാവ് പ്ലാന്റിൽ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വെന്യു, അയോണിക് 9, ട്യൂസൺ ഫെയ്സ്ലിഫ്റ്റ്, സ്റ്റാറിയ എന്നിവ ഉടൻ വിപണിയിലെത്താൻ സാധ്യതയുണ്ട്.
ഇന്ത്യയുടെ പ്രീമിയം വാഹന വിപണിയിലേക്ക് ജെനസിസ് എത്തുന്നതോടെ മെഴ്സിഡീസ്, ബിഎംഡബ്ല്യു, ഔഡി തുടങ്ങിയ വൻകിടക്കാർക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. ജെനസിസിൻ്റെ ഇന്ത്യയിലേക്കുള്ള വരവ് സാമ്പത്തിക മേഖലയിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും. ഇന്ത്യൻ പ്രീമിയം കാർ വിപണിയിൽ ഒരു പരിവർത്തനം നടക്കുന്ന ഈ സമയത്ത് ജെനസിസിന്റെ ലോഞ്ച് വലിയ ചലനങ്ങൾ സൃഷ്ടിക്കും.
2029-2030 സാമ്പത്തിക വർഷത്തിനുള്ളിൽ ഈ 26 മോഡലുകളും വിപണിയിൽ ലഭ്യമാകും. ഹ്യുണ്ടായിയുടെ ഈ നീക്കം ഇന്ത്യൻ വാഹന വിപണിയിൽ നിർണായക സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.
Story Highlights : Hyundai Plans 26 New Models By FY2030 In India
Story Highlights: 2030 ഓടെ 26 പുതിയ മോഡലുകൾ പുറത്തിറക്കാൻ ലക്ഷ്യമിട്ട് ഹ്യുണ്ടായി ഇന്ത്യയിൽ വൻ പദ്ധതികൾ പ്രഖ്യാപിച്ചു.