ഹൈദരാബാദ് സർവകലാശാലയിൽ അഞ്ച് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ നൽകിയിരിക്കുന്നു. വൈസ് ചാൻസലറുടെ വസതിക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ഈ നടപടി. സസ്പെൻഷൻ നേരിട്ടവരിൽ മലയാളിയും യൂണിയൻ ജനറൽ സെക്രട്ടറിയുമായ കൃപ മരിയ ജോർജ്, യൂണിയൻ പ്രസിഡന്റ് അതീഖ് അഹമ്മദ്, മോഹിത്, സൊഹൈൽ അഹമ്മദ്, അസിക വിഎം എന്നിവർ ഉൾപ്പെടുന്നു. വൈസ് ചാൻസലറുടെ വസതിയിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
എന്നാൽ, ഈ നടപടി പ്രതികാരപരമാണെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. സർവകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ ഫണ്ട് നൽകുന്നത് വൈകിപ്പിക്കുന്നതിനും, വാർഷികാഘോഷ പരിപാടിയായ ‘സുകൂൻ’ നടത്താൻ അനുമതി നിഷേധിച്ചതിനുമെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. സസ്പെൻഷൻ നേരിട്ട വിദ്യാർത്ഥികളുടെ ഫെലോഷിപ്പുകൾ അടക്കം അപകടത്തിലാണ്. എസ്എഫ്ഐയാണ് യൂണിവേഴ്സിറ്റി യൂണിയന് നേതൃത്വം നൽകുന്നത്.
സസ്പെൻഷൻ നേരിടുന്ന വിദ്യാർത്ഥികളോട് ജൂലൈ ഒന്ന് മുതൽ ആറ് മാസത്തേക്ക് ക്ലാസിൽ കയറരുതെന്നും ഹോസ്റ്റൽ ഒഴിയണമെന്നും അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നടപടി സ്വീകരിച്ചാൽ വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്. സസ്പെൻഷനിലായ രണ്ട് പേർ ജെആർഎഫ് സ്കോളർമാരും, ഒരാൾ പോസ്റ്റ് ഡോക്ടറൽ ഫെലോയും, മറ്റ് രണ്ട് പേർ പിഎച്ച്ഡി കോഴ്സ് ചെയ്യുന്നവരുമാണ്.
ഫെലോഷിപ്പുകൾ റദ്ദാക്കപ്പെടുകയും പിഎച്ച്ഡി കോഴ്സ് വർക്ക് ചെയ്യുന്നവർക്ക് പഠനം ഉപേക്ഷിക്കേണ്ടി വരുമെന്നും വിദ്യാർത്ഥികൾ ആശങ്ക പ്രകടിപ്പിക്കുന്നു. നടപടി പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ പ്രഖ്യാപിച്ചിട്ടുണ്ട്.