**ജമൈക്ക◾:** മെലിസ കൊടുങ്കാറ്റ് ജമൈക്കയിൽ കനത്ത നാശം വിതച്ചു. തെക്കുപടിഞ്ഞാറൻ ജമൈക്കയിൽ മെലിസ കനത്ത നാശം വിതച്ചതിനെ തുടർന്ന് നിരവധി വീടുകൾക്കും ആശുപത്രികൾക്കും സ്കൂളുകൾക്കും കേടുപാടുകൾ സംഭവിച്ചു. മണിക്കൂറിൽ 297 കിലോമീറ്റർ വേഗത്തിൽ കാറ്റഗറി അഞ്ചിൽപ്പെട്ട കൊടുങ്കാറ്റായി തീരത്ത് ആദ്യം വീശിയടിച്ച മെലിസ പിന്നീട് മണിക്കൂറിൽ 230 കിലോമീറ്റർ വേഗതയുള്ള കാറ്റഗറി നാലിൽപ്പെട്ട കൊടുങ്കാറ്റായി ചുരുങ്ങി.
കൊടുങ്കാറ്റ് കരയിൽ ആഞ്ഞടിച്ചതിനുശേഷം ജമൈക്കയിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജമൈക്ക ടൂറിസം മന്ത്രി എഡ്മണ്ട് ബാർട്ട്ലൈറ്റ് അറിയിച്ചു. ജമൈക്കയിൽ പലയിടങ്ങളിലും 76 സെന്റിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ഇത് മിന്നൽ പ്രളയങ്ങൾക്ക് കാരണമായേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും കൊടുങ്കാറ്റിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഏകദേശം 15,000-ത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ജമൈക്കയ്ക്ക് ശേഷം കൊടുങ്കാറ്റ് കിഴക്കൻ ക്യൂബയിലേക്കും തുടർന്ന് ബഹാമാസിലേക്കും ടർക്ക്സ് ആൻഡ് കൈക്കോസ് ദ്വീപുകളിലേക്കും നീങ്ങാൻ സാധ്യതയുണ്ട്. ഇന്നലെയാണ് മെലിസ ജമൈക്കിയിലെ ന്യൂ ഹോപ്പിന് സമീപം കരതൊട്ടത്. പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ് തീരദേശമേഖലകളിലുള്ളവരോട് നിർബന്ധിതമായി ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ് നൽകി.
നേരത്തെ ഹെയ്തിയിലും ഡൊമനിക്കൻ റിപ്പബ്ലിക്കിലുമായി മൂന്ന് പേരടക്കം ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Story Highlights: Hurricane Melissa caused widespread destruction in Jamaica, damaging homes, hospitals, and schools.



















