
തിരുവനന്തപുരം: അടുത്ത ഒരു വർഷത്തിനുള്ളിൽ വിദ്യാലയങ്ങളിൽ 100 വിദ്യാവനങ്ങൾ ആരംഭിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ.
വനം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതിയാണിത്. ഇതിനായി രണ്ടു ലക്ഷം രൂപാ വീതം നൽകുമെന്നും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 500 വിദ്യാവനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികളെ സ്വാഭാവിക വനവത്കരണം പരിശീലിപ്പിക്കുന്നതിനും ജൈവ വൈവിധ്യ ബോധം വളർത്തിയെടുക്കുന്നതിനുമാണ് സ്വാഭാവിക വനങ്ങളോട് സാദൃശ്യമുള്ള വിദ്യാവനങ്ങൾ വച്ചുപിടിപ്പിക്കുന്നത്.
തെരെഞ്ഞെടുക്കപ്പെട്ട കോളജുകളിലും സ്കൂളുകളിലും ഫോറസ്ട്രി ക്ലബുകളുടെ സഹകരണത്തോടെയാകും ഈ പദ്ധതി നടപ്പിലാക്കുക.
സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലെ 100 ഫോറസ്ട്രി ക്ലബുകളുടെ പുനരുദ്ധാരണം നടപ്പാക്കും. ഇതിനായി ഈ വർഷം 10 ലക്ഷം രൂപാ ചെലവിടും.
നഗരങ്ങളിലും വനവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നഗരവനം പദ്ധതി നടപ്പിലാക്കും.
സംസ്ഥാനത്തെ യൂക്കാലിപ്സ്, അക്വേഷ്യ, മാഞ്ചിയം, വാററിൽ എന്നീ പ്ലാന്റേഷനുകൾക്കുപകരം തദ്ദേശീയ ഇനങ്ങളിൽപ്പെട്ട വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുന്നതിനായി 10.15 കോടി രൂപാ ചെലവിടും.
കാട്ടുതീ, മണ്ണൊലിപ്പ് എന്നിവ തടയുന്നതിനും സ്വാഭാവികതയിലേക്ക് വനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതു കൂടിയാണ് ഈ പദ്ധതി.
Story highlight : hundred forestry club will be set up in school