കൊച്ചിയിൽ സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. കലാകാരന്മാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണതയാണെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. അപകടത്തെക്കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
കൊച്ചി എം.ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ നടന്മാരായ അർജുൻ അശോകിനും സംഗീത് പ്രതാപിനും പരുക്കേറ്റിരുന്നു. ഇരുവരും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. ‘ബ്രോമാൻസ്’ എന്ന സിനിമയുടെ ചേയ്സിങ് സീൻ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
പുലർച്ചെ 1.30-ന് ഉണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിലിടിക്കുകയും ചെയ്തു. സിനിമാ ഷൂട്ടിംഗിനിടെ ഉണ്ടാകുന്ന ഇത്തരം അപകടങ്ങൾ ഗൗരവമായി കാണേണ്ടതുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി.