വയനാട്ടിലെ കൊല്ലിമൂലയിൽ ആദിവാസികളുടെ കുടിൽ പൊളിച്ചു മാറ്റിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. മാനന്തവാടി ഡിഎഫ്ഒയും വയനാട് കളക്ടറും 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ നിർദേശിച്ചു. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥനായ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ടി കൃഷ്ണനെ കണ്ണൂർ സിസിഎഫ് സസ്പെൻഡ് ചെയ്തിരുന്നു.
ചീഫ് വൈഡ് ലൈഫ് വാർഡന്റെ പ്രാഥമിക റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നത്. ആദിവാസികളെ തിടുക്കത്തിൽ കുടിയൊഴിപ്പിച്ച് വനം വകുപ്പിന് അപമാനമുണ്ടാക്കിയെന്നും കുടിലുകൾ പൊളിച്ചു നീക്കിയ സംഭവത്തിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചു. വനാവകാശ നിയമപ്രകാരം നൽകിയ ഭൂമിയിൽ വീട് നിർമ്മിച്ച ശേഷം വനഭൂമിയിൽ നിന്ന് ഒഴിപ്പിക്കാവുന്ന നിർദ്ദേശം ഉദ്യോഗസ്ഥർ അട്ടിമറിച്ചെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചു.
തോൽപ്പെട്ടി റേഞ്ചിലെ ബാവലി സെക്ഷനിലെ ബേഗൂർ കൊല്ലിമൂലയിൽ നിന്ന് മൂന്ന് ആദിവാസി കുടുംബങ്ങളെയാണ് ബദൽ സംവിധാനം ഒരുക്കാതെ വനംവകുപ്പ് ഒഴിപ്പിച്ചത്. 16 വർഷമായി താമസിക്കുന്ന ഭൂമിയിൽ നിന്നാണ് ഈ കുടുംബങ്ങളെ കുടിയിറക്കിയത്. ഇവരുടെ കുടിൽ പൊളിച്ചുമാറ്റിയതോടെ ഭക്ഷണം പോലും ഇല്ലാതെ രാത്രി മുഴുവൻ ആനകൾ കടന്നുപോകുന്ന വഴിയിൽ ഈ കുടുംബങ്ങൾ പേടിയോടെ കഴിയേണ്ടി വന്നു.
Story Highlights: Human Rights Commission takes action on eviction of tribal families in Wayanad, Kerala