തീപ്പൊള്ളലേറ്റ രോഗിയുടെ ചികിത്സ വൈകിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കരകുളം സ്വദേശി ബൈജുവിനെ ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാൻ ട്രോളിയും ജീവനക്കാരും സമയത്തെത്തിയില്ലെന്ന പരാതിയാണ് ഉയർന്നത്. ഇതേത്തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച രാത്രി 7 മണിക്ക് പൂജപ്പുര മഹിളാമന്ദിരത്തിന് മുമ്പിലാണ് ബൈജു പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിക്കാൻ ശ്രമിച്ചത്. ശരീരമാസകലം പൊള്ളലേറ്റ ഇയാൾ അരമണിക്കൂറോളം ആശുപത്രി വരാന്തയിൽ വേദന സഹിക്കാനാവാതെ നിലവിളിച്ചു. ഇതിനുശേഷമാണ് അധികൃതർ എത്തിയത്. ഈ സംഭവത്തിന്റെ വിവരങ്ങൾ ട്വന്റി ഫോർ ന്യൂസാണ് പുറത്തുവിട്ടത്.
പൂജപ്പുര റസ്ക്യൂ ഹോമിൽ അഞ്ചുമാസമായി താമസിക്കുന്ന ഭാര്യയെ കാണാൻ കുട്ടികളുമായി എത്തിയപ്പോൾ സമ്മതം നിഷേധിച്ചതാണ് ബൈജുവിന്റെ ആത്മഹത്യാശ്രമത്തിന് കാരണമായത്. ഭാര്യയെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇയാൾ റോഡരികിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.
Story Highlights: Human Rights Commission takes action on delayed treatment of burn victim at Thiruvananthapuram Medical College