കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരണത്തിനിടെ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഗതാഗത നിയമങ്ങൾ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി.
സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കോഴിക്കോട് ബീച്ചിൽ നടന്ന ദുരന്തത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി കോഴിക്കോട് പോലീസ് കമ്മീഷണർ നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. ജനുവരി 30 ന് രാവിലെ 10.30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
സമൂഹമാധ്യമങ്ങളിൽ ജനപ്രീതി നേടാനായി അപകടകരമായ രീതിയിൽ റീലുകൾ ചിത്രീകരിക്കുന്ന പ്രവണത വർധിച്ചുവരുന്നതായി കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇത്തരം ചിത്രീകരണങ്ങൾക്കായി ഗതാഗത നിയമങ്ങൾ ലംഘിച്ച് അപകടകരമായി വാഹനം ഓടിക്കുന്നത് സാധാരണമായി മാറിയിരിക്കുന്നു. പൊതുനിരത്തുകളെ മത്സര ഓട്ടങ്ങൾക്കുള്ള വേദിയാക്കി മാറ്റുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
ഇത്തരം സംഭവങ്ങൾ മത്സരഓട്ടത്തിൽ ഏർപ്പെടുന്നവർക്ക് മാത്രമല്ല, മറ്റ് വാഹനങ്ങൾ ഓടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണെന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ അഡ്വ.വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഈ ഇടപെടൽ.
Story Highlights: Human Rights Commission demands strict action against those violating traffic rules for social media popularity