തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് സ്കൂളിലെ പ്രിൻസിപ്പലിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് പുറത്താക്കിയതിനാണ് നടപടി. സംഭവത്തിൽ സ്കൂളിനും പ്രിൻസിപ്പലിനും ഗുരുതരമായ വീഴ്ച സംഭവിച്ചതായി കമ്മിഷൻ നിരീക്ഷിച്ചു. തിരുവനന്തപുരം ഡിഇഒ രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിട്ടു.
പൊതുപരിപാടിയ്ക്കിടെ കുട്ടി ശബ്ദമുണ്ടാക്കിയെന്ന കാരണം പറഞ്ഞാണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് കുട്ടിയെ പുറത്താക്കിയത്. അച്ചടക്കം ലംഘിച്ചെന്ന് പറഞ്ഞ് കുട്ടിയുടെ ടിസി ഉടൻ വാങ്ങണമെന്ന് സ്കൂൾ അധികൃതർ മാതാപിതാക്കളോട് കർശനമായി നിർദേശിച്ചു. മൂന്നുമാസത്തിനകം സ്കൂൾ മാറാമെന്ന മാതാവിന്റെ അഭ്യർത്ഥന നിരസിച്ച് ഒരാഴ്ചത്തെ സമയം മാത്രമാണ് അനുവദിച്ചത്.
ഈ കുട്ടി സ്കൂളിൽ തുടർന്നാൽ മറ്റുകുട്ടികൾ സ്കൂളിൽ വരില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞതായി മനുഷ്യാവകാശ കമ്മിഷൻ കണ്ടെത്തി. സംഭവത്തിൽ ഡിഇഒ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയോടുള്ള ഈ സമീപനം വിദ്യാഭ്യാസ അവകാശത്തിന്റെയും തുല്യതയുടെയും ലംഘനമാണെന്ന് വ്യക്തമാകുന്നു.