ഉത്തർപ്രദേശിലെ ബാഗ്പതിലെ സർക്കാർ ആശുപത്രിയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ രണ്ട് ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. ടിബി/എച്ച്ഐവി വിഭാഗം കോർഡിനേറ്റർ ജബ്ബാർ ഖാനും ടെക്നീഷ്യൻ മുഷീർ അഹമ്മദും ചേർന്ന് ക്ഷയരോഗിയുടെ കഫം ഡോക്ടറുടെ ഭക്ഷണത്തിൽ കലർത്താൻ ശ്രമിച്ചതായാണ് ആരോപണം. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസറും ജില്ലാ ടിബി ഓഫീസറുമായ ഡോ. യഷ് വീർ സിങ്ങിന്റെ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.
ആശുപത്രിയിലെ ക്ലാസ് 4 വിഭാഗം ജീവനക്കാരനായ ടിങ്കുവിനെ സമ്മർദത്തിലാക്കിയാണ് പ്രതികൾ ഈ കൃത്യം ആസൂത്രണം ചെയ്തതെന്ന് ഡോക്ടർ ആരോപിക്കുന്നു. ഡോക്ടർക്കും കുടുംബത്തിനും ഇടയ്ക്കിടെ ഭക്ഷണം വാങ്ങി വീട്ടിൽ എത്തിച്ചുനൽകിയിരുന്ന ആളാണ് ടിങ്കു. പ്രതികൾ നിർദേശം നൽകുന്നതിന്റെ ഫോൺ റെക്കോഡ് ടിങ്കു തന്നെയാണ് ഡോക്ടർക്ക് കൈമാറിയത്. തന്റെ മനഃസാക്ഷി അനുവദിച്ചില്ലെന്ന് പറഞ്ഞാണ് ടിങ്കു സംഭവം വെളിപ്പെടുത്തിയതെന്നും ഡോക്ടർ പറഞ്ഞു.
സംഭവത്തിൽ ചീഫ് മെഡിക്കൽ ഓഫീസർ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ഒരു മാസത്തിനിടെ തനിക്ക് അഞ്ചുകിലോ ഭാരം കുറഞ്ഞതായും ഡോക്ടർ പറഞ്ഞു. ഇതിനുമുൻപും ഇത്തരത്തിൽ ഭക്ഷണത്തിൽ എന്തെങ്കിലും കലർത്തിനൽകിയോ എന്ന് സംശയമുണ്ടെന്നും വിശദമായ വൈദ്യപരിശോധന നടത്തുമെന്നും ഡോക്ടർ വിശദമാക്കി. പൊലീസ് കേസെടുത്തതോടെ പ്രതികളായ രണ്ടുപേരും ഒളിവിലാണ്.
Story Highlights: Two hospital staff in Uttar Pradesh charged for attempting to mix TB patient’s sputum in doctor’s food