മഹാരാഷ്ട്രയിലെ താനെ ജില്ലയില് ഹണിമൂണ് സ്ഥലത്തെ ചൊല്ലിയുള്ള തര്ക്കം കൊടുമ്പിരിക്കൊണ്ടു. നവവരന്റെ മുഖത്ത് അമ്മായിയപ്പന് ആസിഡ് ഒഴിച്ചതോടെയാണ് സംഭവം രൂക്ഷമായത്. 29 വയസ്സുള്ള ഇബാദ് അതിക് ഫാല്ക്കെയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഇയാളെ ഉടന് തന്നെ ആശുപത്രിയില് പ്രവേശിപ്പിച്ചു. പ്രതിയായ 65 വയസ്സുകാരന് ജക്കി ഗുലാം മുര്താസ ഖോട്ടാല് നിലവില് ഒളിവിലാണെന്ന് കല്യാണ് ഏരിയയിലെ ബസാര്പേത്ത് പൊലീസ് സ്റ്റേഷനിലെ സീനിയര് ഇന്സ്പെക്ടര് എസ് ആര് ഗൗഡ് വ്യക്തമാക്കി.
അടുത്തിടെയാണ് ഫാല്ക്കെ ഖോട്ടലിന്റെ മകളെ വിവാഹം കഴിച്ചത്. മധുവിധുവിനായി കശ്മീര് സന്ദര്ശിക്കണമെന്നായിരുന്നു നവദമ്പതികളുടെ ആഗ്രഹം. എന്നാല് വിദേശത്തെ മതപരമായ സ്ഥലത്തേക്ക് പോകണമെന്ന് ഭാര്യാപിതാവ് നിര്ബന്ധം പിടിച്ചു. ഇതാണ് ഇരുകൂട്ടരും തമ്മില് തര്ക്കത്തിന് വഴിവെച്ചതെന്ന് എഫ്ഐആറില് പരാമര്ശിക്കുന്നു.
ബുധനാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഫാല്ക്കെ തന്റെ വാഹനം റോഡരികില് നിര്ത്തി ഇറങ്ങി. അപ്പോഴാണ് കാറില് കാത്തിരുന്ന ഖോട്ടാല് ഓടിയെത്തി ഫാല്ക്കെയുടെ നേരെ ആസിഡ് ഒഴിച്ചത്. മുഖത്തും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ ഫാല്ക്കെയെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, പ്രതി ഖോട്ടാല് ഒളിവില് പോയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില് അന്വേഷണം തുടരുകയാണ്.
Story Highlights: Newly-wed groom attacked with acid by father-in-law over honeymoon destination dispute in Maharashtra