ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിലായതിനെ തുടർന്ന് നടി ഹണി റോസ് പ്രതികരിച്ചു. താൻ ആരെയും ഉപദ്രവിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും ആരുടെയും വേദനയിൽ ആഹ്ലാദിക്കുന്നില്ലെന്നും ഹണി റോസ് ഫേസ്ബുക്കിൽ കുറിച്ചു. നിരന്തരമായ വേദനിപ്പിക്കലുകൾക്ക് നിവൃത്തികേടുകൊണ്ട് പ്രതികരിക്കേണ്ടി വന്നുവെന്നും അവർ വ്യക്തമാക്കി. നമ്മുടെ നിയമവ്യവസ്ഥയ്ക്കും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.
പരാതികളുമായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ട അവസ്ഥ ഇനിയും തനിക്ക് ഉണ്ടാകാതിരിക്കട്ടെ എന്നാണ് പ്രാർത്ഥനയെന്നും ഹണി റോസ് പറഞ്ഞു. ഒരു യുദ്ധം ജയിച്ച ആഹ്ലാദത്തിലല്ല താനെന്നും അവർ കൂട്ടിച്ചേർത്തു. ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ തന്നെ അപമാനിച്ച കേസിൽ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഹണി റോസിന്റെ പ്രതികരണം.
ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ ഹണി റോസിനെ അപമാനിച്ച കേസിലാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ബോബി ചെമ്മണ്ണൂർ തലകറങ്ങി വീണു. രക്തസമ്മർദ്ദത്തിൽ വ്യതിയാനം സംഭവിച്ചതിനെ തുടർന്ന് കോടതിമുറിയിൽ തന്നെ ബോബി ചെമ്മണ്ണൂർ തളർന്നു വീണു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വൈദ്യപരിശോധനയിൽ മറ്റ് പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല. തുടർന്ന് ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. മേൽക്കോടതിയെ സമീപിക്കുമെന്ന് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു. നിയമപോരാട്ടത്തിന് തയ്യാറാണെന്ന് ഹണി റോസും വ്യക്തമാക്കി. കേസിൽ നിയമപരമായി മുന്നോട്ട് പോകാനാണ് ഹണി റോസിന്റെ തീരുമാനം.
Story Highlights: Actress Honey Rose responds after Boby Chemmannur’s arrest in sexual harassment case.