ഖത്തറിൽ ഹോം ബിസിനസ് ലൈസൻസ് ഫീസ് കുറച്ചു; നടപടിക്രമങ്ങൾ ലളിതമാക്കി

Anjana

Qatar home business license

വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) ഖത്തറിൽ ഹോം ബിസിനസുകൾക്കുള്ള ലൈസൻസിംഗ് ഫീസ് ഗണ്യമായി കുറച്ചതായി അറിയിച്ചു. നേരത്തെ 1500 ഖത്തർ റിയാൽ ആയിരുന്ന ഫീസ് 300 ഖത്തർ റിയാലായി കുറച്ചു. കൂടാതെ, ലൈസൻസിംഗ് നടപടിക്രമങ്ളും ലളിതമാക്കി. വാണിജ്യ മന്ത്രാലയത്തിലെ കൊമേഴ്‌സ്യൽ റെക്കോർഡ്സ് ആൻഡ് ലൈസൻസിംഗ് വിഭാഗം മേധാവി ലത്തീഫ അൽ അലിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

കഴിഞ്ഞ ആഴ്ച, വീടുകളിൽ നിന്ന് നടത്താവുന്ന സംരംഭങ്ങളുടെ പട്ടിക വിപുലീകരിച്ചതായി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഹോം പ്രോജക്‌ട് ലൈസൻസിന് കീഴിൽ 48 പുതിയ ചെറുകിട വ്യാപാരങ്ങൾ കൂടി ചേർത്തതോടെ, ആകെ 63 പ്രവർത്തനങ്ങൾ ഇപ്പോൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. മുമ്പ് 15 വ്യാപാര, ചെറുകിട പ്രവർത്തനങ്ങൾക്ക് മാത്രമായിരുന്നു ലൈസൻസ് നൽകിയിരുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് സ്വദേശികൾക്ക് വീടുകളിൽ നിന്ന് ചെറുകിട സംരംഭങ്ങൾ തുടങ്ങാനുള്ള ഹോം ബിസിനസ് ലൈസൻസ് സംവിധാനം ആരംഭിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുതുതായി ഉൾപ്പെടുത്തിയ പ്രവർത്തനങ്ങളിൽ വിവിധയിനം നട്സുകൾ, തയ്യൽ, ബാഗുകൾ ഉൾപ്പെടെയുള്ള തുകൽ ഉൽപന്നങ്ങളുടെ നിർമാണവും റിപ്പയറും, കോപ്പി മെഷിനുകളുടെ അറ്റകുറ്റപ്പണി, കംപ്യൂട്ടർ റിപ്പയറിങ്, സോഫ്റ്റ്‌വെയർ ഡിസൈനിങ്-പ്രോഗ്രാമിങ്, വസ്ത്ര വ്യാപാരം, പാദരക്ഷ വിൽപന, യാത്രാ സാമഗ്രികൾ വാടകയ്ക്ക് നൽകൽ, വിവർത്തന സേവനങ്ങൾ, സുഗന്ധദ്രവ്യ വിൽപന, ആഭരണ ഡിസൈനിങ്, സൗന്ദര്യവർധക വസ്തുക്കളുടെ വ്യാപാരം, ഇന്റീരിയർ ഡെക്കറേഷൻ ഡിസൈനിങ് എന്നിവ ഉൾപ്പെടുന്നു. ഓരോ ബിസിനസ് പ്രവർത്തനത്തിനും പ്രത്യേകം ലൈസൻസ് ആവശ്യമാണെന്ന് ലത്തീഫ അൽ അലി വ്യക്തമാക്കി. പ്രാദേശിക ഗതാഗതത്തെയോ അയൽവാസികളെയോ ബാധിക്കാത്ത രീതിയിലാണ് ലൈസൻസ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Qatar reduces home business license fee from 1500 to 300 Qatari Riyals

Leave a Comment