കനത്ത മഴ: വയനാട്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Anjana

Kerala rain holiday

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലാ കളക്ടർമാരാണ് ഈ തീരുമാനം കൈക്കൊണ്ടത്. അംഗണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാണ്.

എന്നാൽ, വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്കും കോഴ്സുകൾക്കും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, അഭിമുഖങ്ങൾ, പി.എസ്.സി പരീക്ഷ എന്നിവയ്ക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല. അതേസമയം, ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടർ ചൊവ്വാഴ്ച രാവിലെ എട്ടിന് തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അണക്കെട്ടിന്റെ സംഭരണശേഷി 773.50 മീറ്ററിൽ എത്തുന്നതോടെയാണ് അധികജലം ഷട്ടർ തുറന്ന് പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. ഘട്ടം ഘട്ടമായി സെക്കൻഡിൽ 35 ക്യൂബിക് മീറ്റർ വരെ വെള്ളമാണ് സ്പിൽ വേ ഷട്ടർ തുറന്ന് ഒഴുക്കികളയുക. പ്രദേശവാസികളും അണക്കെട്ടിന്റെ ബഹിർഗമന പാതയിലുള്ളവരും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ മുൻകരുതലുകളെടുക്കാൻ അധികൃതർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Story Highlights: Holiday declared for educational institutions in Thrissur and Wayanad due to heavy rain