എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം വിജീഷ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. സെൻസർ ബോർഡ് അംഗീകാരം ലഭിച്ച സിനിമയായതിനാൽ പ്രദർശനം തടയാൻ ന്യായമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിനും സെൻസർ ബോർഡിനും കോടതി നോട്ടീസ് അയച്ചു.
ചിത്രം കണ്ടിട്ടുണ്ടോ എന്ന് ഹർജിക്കാരനോട് കോടതി ചോദിച്ചു. പ്രശസ്തിക്കു വേണ്ടിയാണ് ഹർജി നൽകിയതെന്നും കോടതി അഭിപ്രായപ്പെട്ടു. ഹർജി വിശദമായ വാദത്തിനായി മാറ്റിവെച്ച കോടതി സെൻസർ ബോർഡിന് മറുപടി നൽകാൻ നിർദ്ദേശം നൽകി. ഹൈക്കോടതി ഹർജി തീർപ്പാക്കുന്നതുവരെ സിനിമയുടെ പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യവും കോടതി തള്ളി.
ഹർജി നൽകിയതിന് പിന്നാലെ വിജീഷിനെ ബിജെപിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഹർജിയെ പാർട്ടി ഔദ്യോഗികമായി തള്ളുകയും ചെയ്തു. സിനിമ ബഹിഷ്കരിക്കേണ്ടതില്ലെന്നും സിനിമയെ സിനിമയായി കാണണമെന്നും ബിജെപിയുടെ മുതിർന്ന നേതാക്കൾ പ്രതികരിച്ചിരുന്നു.
റീ എഡിറ്റ് ചെയ്ത എമ്പുരാൻ പതിപ്പ് ഉടൻ തന്നെ തിയേറ്ററുകളിലെത്തും. 24 മാറ്റങ്ങളാണ് പുതിയ പതിപ്പിലുള്ളത്. പ്രധാന വില്ലന്റെ പേര് ബജ്റംഗി എന്നത് ബൽദേവ് എന്നാക്കി മാറ്റി. സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ ഒഴിവാക്കി.
മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനം കടന്നുപോകുന്ന രംഗങ്ങളും ഒഴിവാക്കി. പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛന്റെ കഥാപാത്രവുമായുള്ള സംഭാഷണവും ഒഴിവാക്കിയിട്ടുണ്ട്. എൻഐഎയെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു.
നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും നീക്കം ചെയ്തു. രണ്ട് മിനിറ്റ് എട്ട് സെക്കൻഡാണ് ചിത്രത്തിൽ നിന്ന് വെട്ടിമാറ്റിയിരിക്കുന്നത്.
Story Highlights: The Kerala High Court dismissed a plea seeking a ban on the screening of the film ‘Empuraan’, questioning the petitioner’s intentions.