ലെബനനിൽ ഹിസ്ബുള്ള പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് എട്ട് പേർ മരിച്ചു. രണ്ടായിരത്തിലേറെ പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരിച്ചവരിൽ രണ്ടുപേർ ഹിസ്ബുള്ള ഉന്നത അംഗങ്ങളാണെന്ന് സംഘടന സ്ഥിരീകരിച്ചു.
ഇസ്രയേൽ-ഗസ്സ യുദ്ധം തുടങ്ങിയതുമുതൽ ആശയവിനിമയത്തിനായി ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകളാണ് പൊട്ടിത്തെറിച്ചത്. നൂറോളം ആശുപത്രികളിൽ അടിയന്തിര സാഹചര്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹിസ്ബുള്ള അംഗങ്ങളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
പരുക്കേറ്റ ഭൂരിഭാഗം പേരുടേയും മുഖവും കൈകളും തകർന്ന നിലയിലാണ്. ഇറാൻ അംബാസിഡർ ബെയ്റൂത്ത് മൊജ്ടാബ അമാനിയ്ക്കും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. എന്നാൽ, ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ഇറാൻ അറിയിച്ചു.
2750ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഇതിൽ 200 പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിവൈസുകളെ ലക്ഷ്യം വച്ച് ഇസ്രയേൽ നടത്തിയ ആക്രമണമാണ് ഇതെന്ന് സംശയിക്കുന്നതായി ഹിസ്ബുള്ളയും ഇറാനും പ്രതികരിച്ചു. എന്നാൽ, ഇസ്രയേൽ സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഹിസ്ബുള്ളയുടെ പുതിയ പേജറുകളുടെ ലിഥിയം ബാറ്ററികളാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് ഹിസ്ബൊള്ള നേതൃത്വം പ്രതികരിച്ചു.
Story Highlights: Hezbollah pagers explode in Lebanon, killing 8 and injuring over 2,000, with suspicions of Israeli involvement.