കേരളത്തിൽ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വന്നിരിക്കുകയാണ്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. വെള്ളിയാഴ്ച ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന് കരുതുന്ന പുതിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ ശക്തമായ മഴ ലഭിക്കുന്നത്.
ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യകേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയും മഴയെ സ്വാധീനിക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീന ഫലമായി കേരളത്തിൽ തിങ്കളാഴ്ച വരെ പരക്കെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ മുന്നറിയിപ്പുകളുടെ ഭാഗമായി ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
Story Highlights: Kerala issues orange alert for 4 districts due to heavy rainfall forecast